Monday, May 6, 2024
spot_img

പാക് പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ പെട്രോൾ ബോംബാക്രമണം നടത്തി ഇമ്രാൻ അനുകൂലികൾ; നഗരങ്ങൾ കത്തിയെരിയുമ്പോൾ നിസ്സഹായരായി ഭരണകൂടം; ഭീകരാക്രമണമെന്ന് ഷെരീഫ്

ലാഹോർ: പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ലാഹോർ വസതിക്ക് നേരെ പെട്രോൾ ബോംബാക്രമണം നടത്തി ഇമ്രാൻ അനുകൂലികൾ. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പാക് കോടതി എട്ടു ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം നടന്നത്. ഇമ്രാൻഖാന്റെ അറസ്റ്റിനെ തുടർന്ന് വ്യാപകമായ അക്രമമാണ് പാകിസ്ഥാനിൽ അരങ്ങേറുന്നത്. ഇസ്ലാമാബാദ്, ലാഹോർ, റാവൽപ്പിണ്ടി തുടങ്ങി എല്ലാ നഗരങ്ങളും കത്തിയമരുകയാണ്. പാകിസ്ഥാനിലെ റേഡിയോ നിലയവും, സൈനിക കോർപ്പ് കമാണ്ടറുടെ വീടും പ്രക്ഷോഭകർ ആക്രമിച്ചിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വീടിനു നേരെ ആക്രമണം നടന്നത്.

തന്റെ വീടിനു നേരെ നടന്നത് ഭീകരാക്രമണമാണെന്നും പ്രതികളെ മാതൃകാപരമായി ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. അഞ്ഞൂറോളം വരുന്ന പി ടി ഐ പ്രവർത്തകർ ബുധനാഴ്ച വെളുപ്പിന് പ്രധാനമന്ത്രിയുടെ ലാഹോർ വീടിനു മുന്നിൽ സംഘടിച്ചെത്തുകയും കാർ കത്തിക്കുകയും വീടിനു നേരെ പെട്രോൾ ബോംബെറിയുകയും ചെയ്‌തു എന്നാണ് പോലീസ് പറയുന്നത്. സുരക്ഷാ ഗാർഡുകൾ മാത്രമാണ് സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നത്. അവിടെയുണ്ടായിരുന്ന ഒരു പോലീസ് ഔട്ട് പോസ്റ്റും അക്രമികൾ തീയിട്ട് നശിപ്പിച്ചു. അക്രമ സംഭവങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് 14 സർക്കാർ സ്ഥാപനങ്ങളും 21 പോലീസ് വാഹനങ്ങളുമാണ് പ്രക്ഷോഭകർ നശിപ്പിച്ചത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഇമ്രാൻ ഖാൻ പാക് അർധസൈനിക വിഭാഗത്തിന്റെ പിടിയിലായത്.

Related Articles

Latest Articles