Monday, May 20, 2024
spot_img

പ്ലസ് ടുവിന് 90 ശതമാനം മാർക്കില്ല; വീട് വാടകയ്ക്ക് നല്‍കില്ലെന്ന് ഉടമ

ബെംഗളൂരു : പ്ലസ്ടുവിന് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്കില്ലെന്ന കാരണത്താല്‍ ബെംഗളൂരുവിൽ ഇഷ്ടപ്പെട്ട വീട് വാടകയ്ക്ക് എടുക്കാൻ കഴിയാതെ കുഴങ്ങിയിരിക്കുകയാണ് നഗരത്തിൽ ജോലി ചെയ്യുന്ന യുവാവ്. യോഗേഷ് എന്ന യുവാവിനാണ് മാർക്ക് കുറഞ്ഞതിന്റെ പേരിൽ വീട് ലഭിക്കാതായത്. ‘‘മാര്‍ക്കുകള്‍ നിങ്ങളുടെ ഭാവി നിര്‍ണയിക്കില്ല. പക്ഷേ ബെംഗളൂരുവില്‍ ഫ്ലാറ്റ് ലഭിക്കണോ വേണ്ടയോ എന്നത് ഈ മാര്‍ക്കുകള്‍ നിര്‍ണയിക്കും’’ എന്ന അടിക്കുറിപ്പോടെ ശുഭ് എന്നയാള്‍ വാട്ട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ട്വീറ്റ് ചെയ്തതോടെയാണ് ഈ വിചിത്ര സംഭവം പുറംലോകമറിഞ്ഞത്.

ലിങ്ക്ഡ്ഇന്‍, ട്വിറ്റര്‍ തുടങ്ങിയവയുടെ പ്രൊഫൈല്‍ ഐഡികളും ജോലിയുടെ ഓഫര്‍ ലെറ്ററും 10, 12 ക്ലാസുകളിലെ മാര്‍ക്ക് ഷീറ്റ്, ആധാര്‍, പാന്‍ കാര്‍ഡ്, ഇതിന് പുറമെ തന്നെക്കുറിച്ച് 200 വാക്കുകളില്‍ കവിയാത്ത ഒരു കുറിപ്പുമാണ് വീട് വാടകയ്ക്ക് ലഭിക്കാനായി വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടത്. ബ്രോക്കർ പറഞ്ഞതനുസരിച്ച് എല്ലാ വിവരങ്ങളും യുവാവ് വാട്സാപ്പ് വഴി നൽകി.

എന്നാൽ യുവാവിന് പ്ലസ് ടുവിന് 75 ശതമാനം മാര്‍ക്ക് മാത്രമേയുള്ളൂവെന്നും വീട്ടുടമ 90% മാർക്കാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്രോക്കർ പറഞ്ഞു. അതിനാൽ തന്റെ വീടുനൽകാനാകില്ലെന്ന് ഉടമ തീരുമാനമെടുക്കുകയായിരുന്നു.

Related Articles

Latest Articles