Friday, October 16, 2026

ടെലിഗ്രാം ചാറ്റുകളില്‍ ദുരൂഹത, നിയന്ത്രിച്ചത് ബോസ് എന്ന് വിളിക്കുന്നയാള്‍. ജൂതപള്ളിക്ക് തീവെച്ച കേസില്‍ പിടിയിലായ പ്രതി എബിന്‍ പോളിന് ഭീകര ബന്ധവും ക്രിപ്‌റ്റോ ഇടപാടും ?

കൊച്ചി : എറണാകുളം മാര്‍ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്തു. അറസ്റ്റിലായ യുവാവിന് തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭീകരവിരുദ്ധ സ്‌ക്വാഡും (എടിഎസ്) പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. പുത്തന്‍കുരിശ് സ്വദേശിയായ എബിന്‍ പോളാണ് കൃത്യം നടത്തിയത്. തീവയ്പ്പ് നടത്തിയ ശേഷം ഇയാള്‍ അത് മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ ടെലിഗ്രാം ചാറ്റുകളില്‍ ദുരൂഹത കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മാര്‍ക്കറ്റിന് സമീപമുള്ള ജൂതപള്ളിക്ക് നേരെ ആക്രമണമുണ്ടായത്. പള്ളിയുമായി ബന്ധമുള്ള ‘ബ്ലോസം’ എന്ന നഴ്സറിക്കാണ് പ്രതി തീവച്ചത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് വ്യാപകമായ അന്വേഷണമാണ് നടത്തിയത്. സിസിടിവി ദൃശ്യങ്ങളും കാറിന്റെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ എബിന്‍ പോളിനെ തിരിച്ചറിഞ്ഞത്. ആദ്യം പ്രതിയുടെ പിതാവിനെ കണ്ടെത്തിയ പൊലീസ്, തുടര്‍ന്ന് പിതാവില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിന്റെ തുടക്കം മുതല്‍ പ്രതിയുടെ സംസാരത്തില്‍ അന്വേഷണ സംഘത്തിന് അസ്വാഭാവികത തോന്നിയിരുന്നു. തുടര്‍ന്ന് നടത്തിയ ഫോണ്‍ പരിശോധനയിലെ ടെലിഗ്രാം ചാറ്റുകളാണ് ദുരൂഹത ഇരട്ടിയാക്കിയത്. ‘ബോസ്’ എന്ന് വിളിക്കുന്ന ഒരാളാണ് ഇയാളെ നിയന്ത്രിക്കുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാര്‍ ഷോറൂമിലുണ്ടായ തീവയ്പ്പിന് പിന്നിലും താനാണെന്ന് എബിന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇത്തരം കൃത്യങ്ങള്‍ക്കായി ഇയാള്‍ ക്രിപ്റ്റോ കറന്‍സി വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എന്‍ഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Related Articles

Latest Articles