Tuesday, May 21, 2024
spot_img

കട്ടപ്പനയിലെ ഇരട്ടകൊലപാതകം ! കൊല്ലപ്പെട്ട വിജയന്റേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി ! ഭാര്യയും പ്രതിപട്ടികയിലേക്ക്

കട്ടപ്പനയിലെ ഇരട്ടകൊലപാതകത്തിൽ കൊല്ലപ്പെട്ട വിജയന്റേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. കക്കാട്ടുകടയിലെ വാടകവീടിന്റെ തറയിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ. തലയോട്ടിയും അസ്ഥികളുമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഷർട്ടിന്റെയും പാന്റിന്റെയും ബെൽറ്റിന്റെയും അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹാവശിഷ്ടങ്ങൾക്കായി കട്ടപ്പന സാഗര ജംക്‌ഷനിൽ ഇവർ മുൻപ് താമസിച്ചിരുന്ന വീട്ടിലെ തൊഴുത്തിൽ പരിശോധന നടത്തും. വിജയൻറെ ഭാര്യയേയും പ്രതി ചേർത്തിട്ടുണ്ട്. മൃതദേഹം മറവു ചെയ്യാൻ ഇവരും സഹായിച്ചു എന്നാണ് വിവരം

അതേസമയം നവജാതശിശുവിനെ കൊന്നത് അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞായതിനാലുണ്ടാകുന്ന മാനഹാനിയെത്തുടർന്നെന്ന് പോലീസ് കണ്ടെത്തി. പ്രതികളിലൊരാളായ നിതീഷിനു കൊല്ലപ്പെട്ട വിജയന്റെ മകളിലുണ്ടായ ആൺകുഞ്ഞിനെ 2016 ജൂലൈ മാസത്തിലാണ് മാനഹാനിയെത്തുടർന്ന് കൊലപ്പെടുത്തിയത്. കുഞ്ഞിനെ വിജയൻ കാലിൽ പിടിച്ചു നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം കട്ടപ്പന സാഗര ജംക്‌ഷനിൽ ഇവർ മുൻപ് താമസിച്ചിരുന്ന വീട്ടിലെ തൊഴുത്തിൽ കുഴിച്ചു മൂടി. മോഷണക്കേസിൽ പിടിയിലായ വിജയന്റെ മകൻ വിഷ്ണുവും ഈ കേസിൽ പ്രതിയാണ്.

വിജയന്റെ മകളുടെ കൈയ്ക്കുള്ള ബുദ്ധിമുട്ട് പൂജയിലൂടെ മാറ്റാമെന്നു വിശ്വസിപ്പിച്ചാണ് നിതീഷ് ഈ കുടുംബത്തിൽ എത്തിയതെന്നാണു വിവരം. നിതീഷിന്റെ നിർദേശങ്ങൾക്കനുസരിച്ച് ഇവർ ബന്ധുക്കളിൽനിന്നും നാട്ടുകാരിൽനിന്നുമെല്ലാം അകലം പാലിച്ചു. വിജയന്റെ മകൾക്ക് പ്രത്യേക ശക്തിയുണ്ടെന്നു വിശ്വസിപ്പിച്ചാണു നിതീഷ് ഇവരെ പൊതുസമൂഹത്തിൽനിന്ന് അകറ്റിയത്. മറ്റുള്ളവരുമായി ഇടപഴകിയാൽ ശക്തി ക്ഷയിക്കുമെന്നാണ് ഇയാൾ കുടുംബത്തെ വിശ്വസിപ്പിച്ചത്. ഒടുവിൽ പതിവായി വാടകവീടുകൾ മാറിമാറി താമസിക്കാൻ തുടങ്ങിയതോടെ ഇവരെ കാണാതായെന്നു ചൂണ്ടിക്കാട്ടി വിജയൻറെ സഹോദരി പോലീസിൽ പരാതി നൽകിയിരുന്നു. വിജയൻ മാസങ്ങൾക്കു മുൻപാണ് കൊല്ലപ്പെട്ടത്.വിജയനെ വലിച്ച് നിലത്തിട്ടശേഷം ചുറ്റികകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസ് സംശയിക്കുന്നത്. വിഷ്ണുവിന്റെ സഹായത്തോടെ വീട്ടിലെ ഒരു മുറിയിൽ കുഴിയെടുത്തു മൃതദേഹം മൂടുകയായിരുന്നു.

Related Articles

Latest Articles