Sunday, May 19, 2024
spot_img

പോലീസിലെ കള്ളവോട്ട്: ക്രമക്കേട് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് ഡിജിപി

കൊച്ചി: പോലീസ് സേനയിൽ പോസ്റ്റൽ ബാലറ്റുകള്‍ ദുരുപയോഗിച്ച് കള്ളവോട്ട് നടന്നെന്ന ആരോപണത്തിൽ പ്രതികരണവുമായി ഡിജിപി. വിഷയത്തിൽ ഇന്‍റലിജൻസ് മേധാവി അന്വേഷണം നടത്തുമെന്നും ക്രമക്കേട് കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

സംഭവത്തിൽ നേരത്തെ തന്നെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഡിജിപിയോട് വിഷയത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണ പ്രതികരിച്ചു. പരാതിയിൽ കഴമ്പില്ലെന്നായിരുന്നു ഡിജിപിയുടെ റിപ്പോര്‍ട്ടെന്നും മീണ വ്യക്തമാക്കി.

പോലീസ് സേനയിലെ പോസ്റ്റൽ വോട്ടുകള്‍ ദുരുപയോഗം ചെയ്ത് കള്ളവോട്ട് നടക്കുന്നുവെന്ന ആരോപണം നിഷേധിച്ച് സിപിഎം നേതാവായ എ എ റഹീമും രംഗത്തെത്തി. കേരള പോലീസിൽ ഇപ്പോള്‍ ജോലി ചെയ്യുന്നത് ഉന്നത വിദ്യാഭ്യാസമുള്ളവരാണെന്നും അവരെ പറ്റിച്ച് പോസ്റ്റൽ വോട്ടുകളിൽ വ്യാപകമായ ക്രമക്കേട് നടത്താമെന്ന് പറയുന്നത് അസാധ്യമാണെന്ന് എ എ റഹീം പറഞ്ഞു.

യുഡിഎഫ് ഭരണകാലത്ത് പോലീസിൽ ചില ദുഷ്‍‍പ്രവണതകള്‍ ഉണ്ടായിരുന്നുവെന്നും എന്നാൽ അതിനെതിരെ ശബ്ദമുയര്‍ത്തിയവരാണ് ഇപ്പോള്‍ പോലീസ് അസോസിയേഷന്‍റെ തലപ്പത്തിരിക്കുന്നതെന്നും റഹീം കുട്ടിച്ചേര്‍ത്തു. അവരിൽ നിന്ന് യാതൊരു ദുഷ്‍‍പ്രവണതയും ഉണ്ടാകില്ല. ജനാധിപത്യ അവകാശങ്ങളെ ഹനിക്കുന്ന ഒരു പ്രവര്‍ത്തനവും എൽഡിഎഫിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് എ എ റഹീം പറഞ്ഞു.

Related Articles

Latest Articles