ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി നോട്ടീസ് അയച്ചു. രാഹുൽ ഗാന്ധിയുടെ പൗരത്വം, പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവയെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തികൊണ്ട് ലഭിച്ചതിന് ശേഷമാണ് ഈ നടപടി.
ബിജെപി എം പി ഡോ. സുബ്രഹ്മണ്യൻ സ്വാമിയാണ് രാഹുൽ ഗാന്ധിയുടെ പൗരത്വത്തിൽ സംശയം പ്രകടിപ്പിച്ച് ചില രേഖകളോടെ ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയത്.2003-ല്‍ ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയുമാണ് രാഹുലെന്നാണ് സ്വാമിയുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയ പൗരത്വ വിഭാഗ ഡയറക്ടര്‍ ബി.സി. ജോഷി നോട്ടീസ് അയച്ചിരിക്കുന്നത് കമ്പനിയുടെ രേഖകളിലും രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ 20 ന് ഉത്തർപ്രദേശിലെ അമേഠിയിലെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായ ധ്രുവാൽലാലും രാഹുലിനെതിരെ ഇതേ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അമേഠി ഓഫീസർക്ക് പരാതി നൽകിയിരുന്നു.
ഏപ്രിൽ 5 ന് വയനാട്ടിലും ഏപ്രിൽ 10 ന് അമേഠി മണ്ഡലത്തിലും രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ഇതിലും ഇന്ത്യൻ പൗരത്വം ആണ് നൽകിയത്. ഇതിനെതിരെയാണ് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് കത്തില്‍ പറയുന്നത്.


