Monday, May 20, 2024
spot_img

‘സംഘി’ എന്ന് വിളിക്കുന്നത് അഭിമാനം,ഇവിടെ ബിജെപി വരേണ്ടത് അത്യാവശ്യം;ഡോ ജേക്കബ് തോമസ്

 സംഘി എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനമെന്ന് മുന്‍ ഡി.ജി.പി. ജേക്കബ് തോമസ്. സംഘി എന്നുപറയുന്നത് സംഘപരിവാര്‍ എന്ന വാക്കില്‍ നിന്നുണ്ടായതാണ്. ആര്‍.എസ്എസ്, ബി.ജെ.പി. അങ്ങനെ കുറെയധികം സംഘടനകളെ ഉള്‍ക്കൊള്ളുന്ന ഒരു കുടുംബമാണ്. അങ്ങനെയുള്ള കുടുംബത്തിലെ അംഗമെന്ന് വിളിക്കുന്നതിൽ അഭിമാനമേയുള്ളൂവെന്ന് അദ്ദേഹം സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കർഷക നിയമങ്ങളും രാജ്യത്തിന് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ അഗ്രികള്‍ച്ചര്‍ പഠിച്ച വ്യക്തിയാണ്. കൃഷിയില്‍ പി.എച്ച്ഡി. ചെയ്തയാളാണ്. കൃഷി ചെയ്ത് ജീവിക്കുന്ന ആളു കൂടിയാണ്. കര്‍ഷകനെന്ന നിലയിലും കൃഷിയേപ്പറ്റി ആഴത്തില്‍ പഠിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിലുമാണ് താനിത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എൻഡിഎ കേരളത്തിൽ അധികാരത്തിലെത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. നല്ല ഭരണമാണ് ജനങ്ങള്‍ക്ക് വേണ്ടത്. എല്‍.ഡി.എഫും യു.ഡി.എഫും നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ കേരളത്തിന് പുറത്ത് ഒന്നാണ്. ഇരു മുന്നണികളും രൂപപ്പെടുത്തിയ നയങ്ങള്‍ കേരളത്തിന് ഗുണപരമല്ല. എന്‍.ഡി.എ. തന്നെ കേരളത്തില്‍ ഭരണത്തില്‍ വന്നാല്‍ മാത്രമേ സമൂഹത്തിന്റെ മനോഭാവത്തിലും കാഴ്ചപ്പാടിലും മാറ്റമുണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കഴിഞ്ഞ 40 വര്‍ഷവും ഈ നാട് ഭരിച്ചത് യു.ഡി.എഫും എല്‍.ഡി.എഫുമായിരുന്നു. തിരികെ കൊണ്ടുവരാന്‍ പറ്റാത്ത രീതിയില്‍ ഒരു നാശം ഈ നാട്ടില്‍ കഴിഞ്ഞ 40 വര്‍ഷമായി ഉണ്ടായി. അതിനൊരു മാറ്റമുണ്ടാകണമെന്നും ജേക്കബ് തോമസ് പറഞ്ഞു.ബിജെപിയുടെ ഭാഗമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Related Articles

Latest Articles