Friday, May 24, 2024
spot_img

സ്ത്രീധന പ്രശ്നത്തെത്തുടർന്ന് ഡോ. ഷഹന ജീവനൊടുക്കിയ കേസ് !പ്രതി റുവൈസ് പി.ജി. പഠനം തുടരുന്നത് തടഞ്ഞ് ഹൈക്കോടതി ! പ്രതിക്ക് പഠനം തുടരാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ

കൊച്ചി : സ്ത്രീധന പ്രശ്നത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാർത്ഥിനിയായിരുന്ന ഡോ. ഷഹന ജീവനൊടുക്കിയ കേസിലെ പ്രതിയും സഹപാഠിയുമായ കരുനാഗപ്പള്ളി സ്വദേശി ഡോ. ഇ.എ. റുവൈസ് പി.ജി. പഠനം തുടരുന്നത് ഹൈക്കോടതി തടഞ്ഞു. റുവൈസിന് പഠനം തുടരാമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നല്‍കിയ അപ്പീലിൽ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. കോളേജിലെ അച്ചടക്കസമിതി വീണ്ടും ചേരാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പഠനം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് റുവൈസ് നല്‍കിയ ഹര്‍ജിയിൽ, മെറിറ്റില്‍ പ്രവേശനം നേടിയ റുവൈസിന് പഠനം തുടരാനായില്ലെങ്കില്‍ പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാര്‍ച്ച് 14-ന് റുവൈസിന് പഠനം തുടരാന്‍ അനുമതി നല്‍കി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഉത്തരവിട്ടത്. റുവൈസിന്റെ പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാലയുടെ ഉത്തരവും കോടതി സ്‌റ്റേ ചെയ്തിരുന്നു. ഒരാഴ്ചയ്ക്കകം പ്രവേശനം അനുവദിക്കാനും കോടതി കോളേജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാന്‍ കോളേജ് അധികൃതര്‍ മുന്‍കരുതലെടുക്കണമെന്നും ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. പ്രതിയുടെ പേരിലുള്ള കുറ്റം ഗുരുതരമാണെങ്കിലും തെളിയാത്ത സാഹചര്യത്തില്‍ പഠനം തുടരാന്‍ തടസ്സമില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. മതിയായ ഹാജര്‍ ഇല്ലെങ്കില്‍ പരീക്ഷയെഴുതാന്‍ സാധിക്കില്ലെന്ന് ആരോഗ്യസര്‍വകലാശാല ബോധിപ്പിച്ചെങ്കിലും കുറ്റവാളികള്‍ക്കും ചില അടിസ്ഥാന അവകാശങ്ങളുണ്ടെന്നായിരുന്നു കോടതിയുടെ ഓര്‍മപ്പെടുത്തല്‍. ആത്മഹത്യാപ്രേരണക്കുറ്റത്തിനും സ്ത്രീധന നിരോധനനിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. പ്രതിക്ക് ഹൈക്കോടതി ജാമ്യമനുവദിച്ചിരുന്നു

Related Articles

Latest Articles