Wednesday, January 7, 2026

‘രാജ്യപുരോഗതിയിൽ നിർണായക പങ്കുവഹിച്ച മഹാശാസ്ത്രജ്ഞൻ’ വിട വാങ്ങിയിട്ട് 50 വർഷം; വിക്രം സാരാഭായിയുടെ ഓർമകൾക്ക് ഇന്ന് അരനൂറ്റാണ്ട്

ഭാരതത്തിന്റെ ആകാശ സ്വപ്നങ്ങള്‍ക്ക് അഗ്നിചിറകുകള്‍ നല്‍കിയ വിക്രം സാരാഭായി എന്ന ലോകപ്രശസ്തനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ(Indian physicist) ഡോ. വിക്രം അംബാലാൽ സാരാഭായി(Vikram Sarabhai) വിടവാങ്ങയിട്ട് ഇന്ന് 50 വര്‍ഷം പൂര്‍ത്തിയായി.

ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവെന്ന് വിശേഷിപ്പിക്കുന്ന വിക്രം സാരാഭായിയാണ് രാഷ്ട്രം ഇന്ന് കൈവരിച്ച പല നേട്ടങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത്.

1919 ഓഗസ്റ്റ് 12-ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു ധനിക ജൈനകുടുംബത്തിലായിരുന്നു വിക്രം സാരാഭായിയുടെ ജനനം. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം അഹമ്മദാബാദിലും ഉന്നത വിദ്യാഭ്യാസ കേംബിഡ്ജിലുമായിരുന്നു.

1947-ല്‍ കോസ്മിക് കിരണങ്ങളെക്കുറിച്ച് ഗവേഷണം ചെയ്ത് കേംബ്രിഡ്ജില്‍ നിന്ന് പി.എച്ച്.ഡി നേടി. തുടര്‍ന്ന് അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലാബോറട്ടറിയില്‍ കോസ്മിക് കിരണങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്‌സ് പ്രൊഫസ്സറായി. പിന്നീട് 1965-ല്‍ അവിടുത്തെ ഡയറക്ടറുമായി. ഇതിനിടെ ഇന്ത്യയിലെ അണുശക്തി കമ്മീഷനില്‍ അദ്ദേഹം നിയമിതനായി. ഉപഗ്രഹ വിക്ഷേപണത്തില്‍ അദ്ദേഹം പ്രത്യേകം താല്പര്യം കാട്ടിയിരുന്നു.

എന്നാൽ ബഹിരാകാശ ഗവേഷണത്തെ വെറും ശൂന്യാകാശ യാത്രകളായി വഴിതിരിച്ചു വിടാതെ , വാര്‍ത്താവിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ഉപയോഗപ്രദമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്.അതുകൊണ്ടു തന്നെ അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തെ ‘വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍’ എന്ന് നാമകരണം ചെയ്തു.

മാത്രമല്ല ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ശില്പിയും അദ്ദേഹമാണ്. റോക്കറ്റുകളും ഉപഗ്രഹങ്ങളും നിര്‍മ്മിക്കുന്നതില്‍ കഴിവുള്ള ഒരു നല്ല സംഘത്തെ വാര്‍ത്തെടുക്കാനായി എന്നത് പില്‍ക്കാലത്ത് ഇന്ത്യയ്ക്ക് ഈ രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ സഹായകമായി.

1975 -1976 കാലഘട്ടത്തില്‍ നാസയുടെ സാറ്റലൈറ്റ് ഉപയോഗിച്ച് നടത്തിയ ടെലിവിഷന്‍ പരീക്ഷണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സൈറ്റ് (SITE- Satellite Instructional Television Experiment) എന്ന പേരില്‍ നടത്തിയ ഈ സംവിധാനം ഉപയോഗിച്ച് 2,400 പിന്നാക്ക ഗ്രാമങ്ങളില്‍ ആധുനികവിദ്യാഭ്യാസം എത്തിക്കുന്നതിന് ഇദ്ദേഹം പദ്ധതിയുണ്ടാക്കി.

1971 ഡിസംബര്‍ 30-ന് കോവളത്തു വെച്ച് ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

അതേസമയം വിക്രം സാരാഭായിയോടുള്ള ആദരസൂചകമായി ഐ.എസ്.ആര്‍.ഒയുടെ രണ്ടാം ചാന്ദ്രദൗത്യത്തില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന പേടകത്തിന് വിക്രം ലാന്‍ഡര്‍ എന്ന് പേര് നല്‍കിയിരുന്നു.

Related Articles

Latest Articles