Thursday, May 2, 2024
spot_img

വരൻ മതം മാറിയത് അറിഞ്ഞില്ല; കൊല്ലത്ത് താലി തിരിച്ചു കൊടുത്ത സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്

കൊല്ലം: കൊല്ലത്ത് താലി തിരിച്ചു കൊടുത്ത സംഭവത്തിൽ പുതിയ വഴിത്തിരിവ്. കൊല്ലം (Kollam) കടയ്‌ക്കലിൽ ആൽത്തറമൂട് ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസമായിരുന്നു വിചിത്രമായ സംഭവം നടന്നത്. ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കകയാണ്. വരൻ മതം മാറിയത് അറിയാതെയാണ് വധുവിന്റെ ബന്ധുക്കൾ വിവാഹ വേദിയിലെത്തിയത്. ഒരു ദേശീയ മാധ്യമത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് വന്നിരിക്കുന്നത്. ആൽത്തറമൂട് സ്വദേശിയായ പെൺകുട്ടിയും കിളിമാനൂർ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചത്. വീട്ടുകാർ നേരത്തെ നിശ്ചയിച്ചുറപ്പിച്ച പ്രകാരമാണ് വിവാഹം നടത്തിയത്.

എന്നാൽ യുവാവ് കഴിഞ്ഞ ദിവസം ക്രിസ്ത്യൻ മതം (Religion) സ്വീകരിക്കുകയും ഇക്കാര്യം വധുവിന്റെ വീട്ടുകാരിൽ നിന്നും മറച്ചുവെയ്‌ക്കുകയുമായിരുന്നു. ഇതാണ് വിവാഹ വേദിയിലെത്തിയ വരൻ ഷൂസ് മാറ്റാൻ വിസമ്മതിച്ചതിനും നിലവിളക്ക് കൊളുത്തരുതെന്ന് പറയാനും കാരണം. വരന്റെ നിർബന്ധത്തിന് വഴങ്ങി യുവതിയുടെ വീട്ടുകാർ വേദിക്ക് പുറത്ത് വച്ച് വിവാഹം നടത്തിയിരുന്നു. താലി കെട്ടിയ ശേഷം മടങ്ങുമ്പോൾ പെൺകുട്ടിയുടെ ബന്ധുക്കളും വരനുമായി വീണ്ടും തർക്കമുണ്ടായി.

തർക്കം മൂർച്ഛിച്ചതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പിന്നീട് ബന്ധുക്കളുടെ നിർദ്ദേശാനുസരണം പെൺകുട്ടി യുവാവിന് കെട്ടിയ താലി തിരിച്ച് നൽകുകയുമായിരുന്നു. സംഭവത്തിന് ശേഷം ബന്ധുവായ യുവാവ് അതേവേദിയിൽ വച്ച് തന്നെ പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നു. ഈ സംഭവമൊക്കെ നടക്കുമ്പോഴും വരൻ മതം മാറിയ വിവരം യുവതിയുടെ ബന്ധുക്കൾ അറിഞ്ഞിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തിലാണ് വരൻ ക്രിസ്ത്യൻ മതം സ്വീകരിച്ച വിവരം പുറത്തുവരുന്നത്. യുവാവിന്റെ കുടുംബം ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.

Related Articles

Latest Articles