Sunday, May 19, 2024
spot_img

ഇത് ചരിത്ര നിമിഷം ! 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ ഇന്ന്

ദില്ലി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേൽക്കും. പുതിയ രാഷ്ട്രപതിയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ദില്ലിയിൽ വമ്പിച്ച ആഘോഷങ്ങളാണ് നടക്കുന്നത്. ഇന്ന് രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്ന് വരുന്ന ആദ്യത്തെ രാഷ്ട്രപതി എന്ന ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ദ്രൗപദി മുർമു.

ഇന്ത്യയിൽ രാഷ്‌ട്രപതി സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് മുർമു. ദില്ലിയിലെ സെൻട്രൽ ഹാളിലാണ് ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ ഉപരാഷ്‌ട്രപതി എം. വെങ്കയ്യാ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എൻ.വി രമണ, ലോക്സഭ സ്പീക്കർ ഓം ബിർല, മന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ദില്ലിയിലെ ദ്രൗപദി മുർമുവിൻറെ വസതിയിലേക്ക് രാജ്യത്തുടനീളമുള്ള ഗോത്രവർഗ്ഗ കലാസംഘങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ദില്ലിയിക്കൊപ്പം ആദിവാസി മേഖലകളിലും രണ്ടു ദിവസം നീളുന്ന ആഘോഷങ്ങളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ചടങ്ങ് നടക്കുന്ന സാഹചര്യത്തിൽ പാ‍ർലമെൻറിൻറെ ഇരുസഭകളും ഇന്ന് രണ്ടു മണിക്ക് മാത്രമേ ചേരുകയുള്ളു. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപദി മുർമു 6,76,803 വോട്ട് മൂല്യം നേടിയാണ് ചരിത്രനിമിഷത്തിന് വേദിയൊരുക്കിയത്.

ചടങ്ങുകളുടെ തത്സമയക്കാഴ്ച രാവിലെ 9.45 മുതൽ തത്വമയി നെറ്റ്‌വർക്കിൽ കാണാവുന്നതാണ്

Related Articles

Latest Articles