ദില്ലിയിൽ സ്വകാര്യ സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ സ്ഥാപന ഉടമയും കോർഡിനേറ്ററും അറസ്റ്റിലായി. സംഭവത്തിൽ ക്രിമിനൽ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ഡി.സി.പി എം.ഹർഷവർദ്ധൻ അറിയിച്ചു.
ദില്ലിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യു.പി.എസ്.സി. പരിശീലന കേന്ദ്രത്തിലാണ് വെള്ളംകയറി വിദ്യാര്‍ഥികള്‍ മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സിവിൽ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം സ്വദേശി നവീന്‍ ഡെല്‍വിന്‍ (28) ആണ് മരിച്ച മലയാളി. ജെഎന്‍യുവിലെ ഗവേഷക വിദ്യാർത്ഥിയാണ് നവീന്‍. ഒപ്പം സിവിൽ സർവീസ് പരിശീലനവും നടത്തിയിരുന്നു. തെലങ്കാന സ്വദേശി തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
റാവു സിവിൽ സർവീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ് മെൻ്റിൽ പ്രവർത്തിച്ചിരുന്നത്. സംഭവ സമയത്ത് മുപ്പത് വിദ്യാർത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതിൽ മൂന്ന് പേർ വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നെന്നും ദില്ലി ഫയർ സർവീസ് അറിയിച്ചു. അപകടത്തിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയ ദില്ലി സർക്കാർ മജിസ്റ്റീരിൽ അന്വേഷണം പ്രഖ്യാപിച്ചു.ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്‌മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. കോച്ചിങ് സെന്ററിന് പുറത്ത് റോഡില്‍ വിദ്യാർത്ഥികൾ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു.

