കോഴിക്കോട്: നഗരത്തിൽ മയക്കുമരുന്നുമായി അറസ്റ്റിലായ എട്ടംഗ സംഘത്തിലെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ തുടങ്ങി. ലഹരിവസ്തുക്കളെത്തിച്ചത് ഗോവയിൽ നിന്നാണെന്നാണ് പ്രാഥമിക വിവരം. മാവൂർ റോഡിലെ ലോഡ്ജിൽ നിന്ന് പിടിയിലായവരിൽ പെരുവയലിലെ പി.വി. ഹർഷാദ് (28), വെങ്ങാലിയിലെ കെ. അഭി (26), പെരുമണ്ണയിലെ കെ.എം. അർജുൻ (23) എന്നിവരെയാണ് നടക്കാവ് പൊലീസ് ചോദ്യം ചെയ്യുന്നത്. ചേളന്നൂരിലെ മനോജ് (22), നടുവട്ടത്തെ മുഹമ്മദ് നിഷാം (26), മാങ്കാവിലെ തൻവീർ അജ്മൽ (24), എലത്തൂരിലെ അഭിജിത്ത് (26), മലപ്പുറത്തെ ജസീന (22) എന്നിവരാണ് ഇവരോടൊപ്പം അഞ്ഞൂറ് ഗ്രാം ഹാഷിഷും ആറ് ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞയാഴ്ച പിടിയിലായത്.
യുവാവിന്റെ പിറന്നാളാഘോഷത്തിന് ലോഡ്ജിൽ മുറിയെടുത്ത സംഘം ലഹരിയോടുകൂടിയ ഡിജെ ഇവൻറ് മാനേജ്മെൻറ് ടീമാവാൻ ആസൂത്രണം നടത്തിയതായും സൂചനയുണ്ടായിരുന്നു. എവിടെ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്, ആരുടെയൊക്കെ സഹായം ലഭിച്ചു, സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ഗോവയിലെ ലഹരി വിതരണക്കാരിൽനിന്നാണ് മയക്കുമരുന്ന് ലഭിച്ചത് എന്നാണ് ഇവർ പറഞ്ഞത്. എന്നാൽ ഇക്കാര്യം പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. പ്രതികളെ വിവിധയിടങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകുന്നുണ്ട്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരെയും ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് തീരുമാനം.
നേരത്തെ വാഗമണിൽ ഡിജെ പാർട്ടി നടത്തിയ കേസിലെ പ്രതിയായ അര്ഷാദിന്റെ നേതൃത്വത്തിലായിരുന്നു നഗരത്തിൽ സംഘം ഒത്തുചേർന്നത്. അർഷാദും അഭിയും അടുത്തിടെ എടക്കാട് ജങ്ഷനിൽ വച്ച് പിക് അപ് ഡ്രൈവറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലും പ്രതികളാണ്. കളിത്തോക്കെന്ന് കണ്ടെത്തിയതോടെയാണ് അന്ന് എലത്തൂർ പോലീസ് ജാമ്യം അനുവദിച്ചത്. അർജുനെതിരെ ലഹരിക്കടത്ത് കേസുമുണ്ട്. അതേസമയം, പൊലീസ് പരിശോധനക്കെത്തും മുമ്പ് ലോഡ്ജിൽനിന്ന് പുറത്തുപോയ കുന്ദമംഗലം സ്വദേശി ഉൾപ്പെടെയുള്ളവരെയും പൊലീസ് അന്വേഷിച്ചുവരുകയാണ്. പ്രതികളുടെ ഫോൺകാൾ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ലോഡ്ജിലെ സി.സി.ടി.വി കാമറകളടക്കം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

