Friday, May 3, 2024
spot_img

കോമഡി ഷോയ്ക്കിടെ ചൈനീസ് പട്ടാളവുമായി ബന്ധപ്പെടുത്തി തമാശ പറഞ്ഞു ; ചൈനയിൽ കോമഡി സംഘത്തിന് വൻ പിഴ

ബെയ്ജിങ് : ചൈനയിൽ സൈന്യവുമായി ബന്ധപ്പെട്ട തമാശ അവതരിപ്പിച്ചതിനെത്തുടർന്ന് കോമഡി അവതരണ സംഘത്തിന് വൻ തുകയുടെ പിഴശിക്ഷ. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായി ബന്ധപ്പെട്ട തമാശയുടെ പേരിൽ, ചൈനയിലെ ജനപ്രിയ കോമഡി സംഘമായ ഷാങ്ഹായ് സിയാഗുവോ കൾച്ചർ കമ്പനിക്കെതിരെയാണ് 14.7 മില്യൻ യുവാന്റെ (17.35 കോടിയോളം രൂപ) വൻ തുക പിഴ ചുമത്തിയത്.

ഇതിനു പുറമെ കമ്പനിയുടെ പേരിലുള്ള അനധികൃത സ്വത്തെന്നു കണ്ടെത്തിയ 1.35 മില്യൻ യുവാൻ (1.5 കോടിയിലധികം രൂപ) പിടിച്ചെടുക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഒരു കോമഡി ഷോയ്ക്കിടെ ലി ഹാവോഷി എന്ന താരം തന്റെ നായയുടെ പെരുമാറ്റത്തെ പട്ടാളച്ചിട്ടയോട് ഉപമിച്ചതാണ് വിവാദമായത്.

ഇത് സമൂഹത്തിൽ അപകടം വിതയ്ക്കുന്ന തരം തമാശയാണെന്നു വിലയിരുത്തിയാണ് സർക്കാരിന്റെ നടപടി. അതേസമയം, മാനേജ്മെന്റ് മേഖലയിൽ വന്ന വലിയ പിഴവാണ് ഇത്തരമൊരു പ്രശ്നത്തിനു കാരണമെന്ന് കമ്പനി പ്രതികരിച്ചു. വിവാദ കോമഡിക്കു ശേഷം ലി ഹാവോഷിയുമായുള്ള കരാർ കമ്പനി അവസാനിപ്പിച്ചതായും അറിയിച്ചിട്ടുണ്ട്. ചൈനീസ് സൈന്യവുമായി ബന്ധപ്പെട്ട ഈ തമാശ ചൈനയിലെ ജനങ്ങൾ അതിവേഗം പങ്കുവച്ചതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Related Articles

Latest Articles