Thursday, May 16, 2024
spot_img

ബവ്കോ ഔട്‌ലെറ്റുകളിൽ ‘2000’ രൂപ നോട്ടുകൾ സ്വീകരിക്കരുതെന്ന് നിർദേശം; നോട്ടിന് സെപ്റ്റംബർ 30 വരെ മൂല്യമുണ്ടായിട്ടും തിടുക്കപ്പെട്ട് സർക്കുലർ ഇറക്കി ബവ്കോ ജനറൽ മാനേജർ (ഓപ്പറേഷൻസ്)

തിരുവനന്തപുരം :സംസ്ഥാനത്തെ ബവ്കോ ഔട്‌ലെറ്റുകളിൽ 2000 രൂപയുടെ നോട്ടുകൾ ഇനിമുതൽ സ്വീകരിക്കില്ല. ബവ്കോ ജനറൽ മാനേജർ (ഓപ്പറേഷൻസ്) സർക്കുലറിലൂടെ എല്ലാ റീജിയണൽ, വെയർഹൗസ് മാനേജർമാർക്കും ഇതു സംബന്ധിച്ച നിർദേശം ഇന്ന് നൽകി. അഥവാ സ്വീകരിച്ചാൽ അതാതു മാനേജർമാർക്കായിരിക്കും ഉത്തരവാദിത്തമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ വിനിമയത്തിൽനിന്ന് പിന്‍വലിക്കാൻ ഇന്നലെയാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് ബവ്കോയുടെ നടപടി. അതേസമയം നിലവിൽ ഉപയോഗത്തിലുള്ള നോട്ടുകൾക്ക് മൂല്യം ഉണ്ടായിരിക്കുമെന്ന് ആർബിഐ അറിയിച്ചിരുന്നു. ഇവ 2023 സെപ്റ്റംബർ 30നകം മാറ്റിയെടുക്കണം. ഇനിമുതൽ 2000 രൂപ നോട്ട് വിതരണം ചെയ്യരുതെന്ന് ബാങ്കുകളോട് ആർബിഐ നിർദേശിച്ചിട്ടുണ്ട്.

2000 രൂപയുടെ പരമാവധി 10 നോട്ടുകൾ വരെ ഒരേസമയം ഏതു ബാങ്കിൽനിന്നും മാറ്റിയെടുക്കാമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്.

2016 നവംബർ എട്ട് അർദ്ധരാത്രി രാജ്യത്തെ കള്ളപ്പണക്കാർക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് നിരോധനത്തിന്റെ തുടർച്ചയായാണ് 2000 രൂപ നോട്ടുകൾ ആർബിഐ പുറത്തിറക്കിയത്. അന്ന് 500, 1000 രൂപാ നോട്ടുകളാണ് പ്രധാനമന്ത്രി പിൻവലിച്ചത്. 500 രൂപാ നോട്ടിനു പകരം പുതിയ 500ന്റെ നോട്ടും 1000 രൂപാ നോട്ടിനു പകരം 2000 രൂപാ നോട്ടുമാണ് പുറത്തിറക്കിയത്. 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നേരത്തെ റിസർവ് ബാങ്ക് നിർത്തിയിരുന്നു. കുറച്ച് കാലമായി ഈ നോട്ട് വളരെ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളു.ആയതിനാൽ തന്നെ 2000 രൂപയുടെ നോട്ടുകള്‍ വിനിമയത്തിൽനിന്ന് പിന്‍വലിക്കാനുള്ള തീരുമാനം ജനങ്ങളെ ബാധിക്കില്ല എന്നാണു വിലയിരുത്തപ്പെടുന്നത്

Related Articles

Latest Articles