Friday, May 3, 2024
spot_img

തൃശ്ശൂർ പൂരത്തിനിടെ മഠത്തിൽ വരവ് പകുതിയിൽ നിർത്തിവെച്ച് തിരുവമ്പാടി വിഭാഗം; പോലീസിന്റെ അനാവശ്യ ഇടപെടലെന്ന് പരാതി

തൃശ്ശൂർ: പൂരത്തിൽ പ്രതിസന്ധിയുണ്ടാക്കിയത് പോലീസെന്ന് തിരുമ്പാടി ദേവസ്വം. പോലീസിന്റെ അനാവശ്യമായ ഇടപെടൽ കാരണമാണ് ചരിത്ര പ്രസിദ്ധമായ മഠത്തിലെ വരവ് നിർത്തിവച്ച് ഒരാനപ്പുറത്ത് എഴുന്നള്ളിച്ച് പ‌ന്തലിൽ അവസാനിപ്പിക്കേണ്ടി വന്നതെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡൻ‌റ് സുന്ദർ മേനോൻ ആരോപിച്ചു.

സ്വരാജ് റൗണ്ടിലേക്ക് ഉള്ള എല്ലാ വഴികളും അടച്ച് ആളുകളെ തടഞ്ഞു എന്നും തിരുവമ്പാടി ആരോപിക്കുന്നു. തുടർന്ന് തിരുവമ്പാടിയുടെ രാത്രി എഴുന്നളളിപ്പ് നിർത്തിവെച്ചു. വെടിക്കെട്ട് സ്ഥലത്തു നിന്ന് പൂരക്കമ്മിറ്റിക്കാരെ മാറ്റണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. 175 പേർക്ക് മാത്രം പ്രവേശനമെന്നും പോലീസ് നിർദ്ദേശിച്ചു. എന്നാൽ വെടിക്കെട്ട് പണിക്കാരും കമ്മിറ്റിക്കാരുമായി ഏറെ പേർ പൂര പറമ്പിൽ വേണമെന്ന് തിരുവമ്പാടി ആവശ്യപ്പെട്ടു. പ്രതിസന്ധിയെ തുടർന്ന് രാത്രിയിലെ മഠത്തിൽ വരവ് നിർത്തിവെച്ചു. അലങ്കാര പന്തലിലെ വെളിച്ചം ഒഴിവാക്കി പ്രതിഷേധിച്ചു.

പൂര പറമ്പിൽ പോലീസ് രാജെന്നായിരുന്നു ദേശക്കാരുടെ പരാതി. വെടിക്കെട്ട് വൈകിയതിനെ തുടർന്ന് സ്വരാജ് റൗണ്ടിൽ നൂറ് കണക്കിന് ആളുകളാണ് കാത്തിരുന്നത്. പോലീസ് നിയന്ത്രണം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്.

Related Articles

Latest Articles