ദില്ലി: സി.പി.എമ്മിന് തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയുടെ ഉത്തരവാദിത്വമേറ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കാൻ തയ്യാറാണെന്ന് സീതാറാം യെച്ചൂരി പൊളിറ്റ് ബ്യൂറോ യോഗത്തെ അറിയിച്ചു. എന്നാൽ, തോൽവി കൂട്ടുത്തരവാദിത്വമാണെന്ന് വിലയിരുത്തിയ യോഗം യെച്ചൂരിയുടെ രാജിസന്നദ്ധത നിരസിച്ചു.
പരാജയത്തിന്റെ ഉത്തരവാദിത്വം ജനറൽ സെക്രട്ടറിയെന്ന നിലയിൽ താനേൽക്കുന്നതായി യെച്ചൂരി യോഗത്തിൽ പറഞ്ഞു. എന്നാൽ, പി.ബി. യെച്ചൂരിയുടെ രാജിനീക്കത്തിന് തടയിട്ടു. തോൽവിയുടെ ഉത്തരവാദിത്വം ഏതെങ്കിലും വ്യക്തിക്ക് മാത്രമല്ലല്ലോയെന്ന് ഒരു പി.ബി.യംഗം പ്രതികരിച്ചു.
പരാജയത്തിൽ ആർക്കാണ് ഉത്തരവാദിത്വമെന്ന് ചോദ്യമുയർന്നപ്പോൾ ജനറൽ സെക്രട്ടറിയെന്ന നിലയിൽ വ്യക്തിപരമായി ഉത്തരവാദിത്വം ഏൽക്കുന്നുവെന്ന് ഫലം വന്നദിവസം താൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. പാർട്ടിയുടേത് കൂട്ടുത്തരവാദിത്വമാണ്. ആ കൂട്ടത്തിൽ ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഒന്നാമതാണ് തന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.

