പിള്ള മനസ്സിൽ കളങ്കമില്ലാത്തതിനാൽ കുട്ടികൾ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണാൻ ഒഴുകിയെത്തുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. എന്നാൽ, പറഞ്ഞു തീർന്നില്ല…അതിന് മുൻപ് തന്നെ സിപിഎമ്മിന് കനത്ത തിരിച്ചടി ഉണ്ടായിരിക്കുകയാണ്.
കാലിക്കറ്റിലും കേരളാ യൂണിവേഴ്‌സിറ്റിയിലും SFIയ്ക്ക് കനത്ത തിരിച്ചടി. ഏറെ കാലമായി SFI ഏകപക്ഷീയ വിജയങ്ങൾ നേടിയ മലബാറിലെ കോളേജുകളിൽ പോലും, മുഖ്യന്റെ കുട്ടികൾ തോറ്റു തുന്നം പാടി. എന്തായാലും, സ്വാതന്ത്ര്യം, സോഷ്യലിസം, ജനാധിപത്യം സിന്ദാബാദ് എന്ന, SFI മുദ്രാവാക്യം ഇപ്പോൾ പഴയതു പോലെ അങ്ങോട്ട് ഏൽക്കുന്നില്ല. കാരണം, കേരളത്തിൽ തുടർച്ചയായ ഭരണം നേടിയ ഇടത് സർക്കാർ, സംസ്ഥാനത്ത് ഇതുവരെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടപ്പാക്കുന്നത്. മുമ്പ് ഇടതുപക്ഷമാണ് ഭരണത്തിൽ ഇരിക്കുന്നതെങ്കിലും, വിദ്യാർത്ഥികൾക്ക് വേണ്ടി SFI എന്നും പ്രതികരിക്കുമായിരുന്നു. എന്നാൽ ഇന്ന് SFI , ഇടത് സർക്കാരിന്റെ ഭരണത്തിലെ
വിദ്യാർത്ഥി വിരുദ്ധത ചർച്ചയാക്കുന്നില്ല എന്നുമാത്രമല്ല, പൊരി വെയിലത്ത് കുട്ടികളെ മന്ത്രിസഭയ്ക്ക് അഭിവാദ്യം അർപ്പിക്കാൻ നിർത്തിയിട്ട് പോലും, കമാണ് ഒരക്ഷരം മിണ്ടിയിട്ടില്ല. അതുകൊണ്ട് തന്നെ കേരളത്തിലെ വിദ്യാർത്ഥി സമൂഹവും മാറി ചിന്തിക്കുകയാണ്. അതിന്റെ സൂചനകൾ തന്നെയാണ് ഇപ്പോൾ SFI യ്ക്ക് നേരിട്ടിരിക്കുന്ന തിരിച്ചടി.
അതേസമയം, പ്ലസ് ടുവരെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ പരിധിയിലാണ്. അതുകൊണ്ട് തന്നെ പതിനെട്ട് കഴിഞ്ഞവരാണ് കോളേജുകളിൽ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യുന്ന ബഹുഭൂരിഭാഗം വിദ്യാർഥികളും. മുഖ്യൻ പറഞ്ഞത് പോലെ പിള്ള മനസ്സിൽ കള്ളമില്ലായിരിക്കും. എന്നാൽ അവർ മുതിരുമ്പോൾ തങ്ങളുടെ സ്വന്തം പാർട്ടിയുടെ കള്ളത്തരം അവർക്കും മനസ്സിലാകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് അവർ മാറി ചിന്തിക്കുന്നതും. അതേസമയം, കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് പിന്നാലെ കേരള സർവ്വകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിലും അട്ടിമറി വിജയങ്ങളുമായി KSU മുന്നേറുകയാണ്. എസ്.എഫ്.ഐയുടെ അധീനതയിലുണ്ടായിരുന്ന പല കോളേജുകളുടെയും ഭരണം KSU പിടിച്ചെടുത്തു കഴിഞ്ഞു. നെടുമങ്ങാട് ഗവ. കോളേജും ദീർഘകാലത്തിന് ശേഷം KSU പിടിച്ചെടുത്തു. 14 വർഷത്തിന് ശേഷമാണ് ഈ കോളേജ് ഭരണം KSUവിന്റെ കൈകളിലെത്തുന്നത്. കൂടാതെ, തിരുവനന്തപുരം ഗവ. ലോ കോളേജിലെ ചെയർമാൻ സ്ഥാനവും KSU പിടിച്ചെടുത്തു. എന്തായാലും, ഇതും SFIയ്ക്ക് വമ്പൻ തിരിച്ചടി തന്നെയാണ്. കാരണം, ഗവ ലോ കോളേജിൽ എന്നും ആധിപത്യം SFIയ്ക്കായിരുന്നു. അതിനും ഇളക്കമുണ്ടാകുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം. കൂടാതെ, മാർ ഇവാനിയസ് പോലുള്ള പ്രധാന കോളേജ് SFIയ്ക്ക് കൈമോശം വന്നിട്ടുണ്ട്. 24 വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ KSU വിജയിച്ചു എന്നത് കഴിവുകെട്ട പിണറായി വിജയൻറെ ഭരണത്തിലും, കുട്ടി സഖാക്കന്മാരുടെ ആക്രമണങ്ങളിലും വിദ്യാർഥികളടക്കം മടുത്തു എന്നതിന്റെ തെളിവ് തന്നെയാണ്. അതേസമയം, കേരളത്തിൽ ഇടതുപക്ഷത്തെ കരുത്താണ് എന്നും വിദ്യാർത്ഥി രാഷ്ട്രീയം. അത് വലത്തേക്ക് ചായാനുള്ള സാധ്യതയാണ്, കേരളയിലേയും കാലിക്കറ്റിലേയും ഫലങ്ങൾ വ്യക്തമാക്കുന്നത്.

