Thursday, October 22, 2026

എക്സാലോജിക് കേസില്‍ ഇ.ഡി ബോംബ്. മകള്‍ക്ക് പിന്നാലെ റിയാസിലേക്കും ഹവാല വഴി പിണറായി വിജയനും കുരുക്ക് മുറുകുന്നു

കൊച്ചി : രാഷ്ട്രീയ കേരളത്തെ ഉലയ്ക്കുന്ന സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അതീവ ഗുരുതരമായ കണ്ടെത്തലുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ ടി, പി.എ. മുഹമ്മദ് റിയാസ് എന്നിവരടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന ഡിജിപിക്ക് അയച്ച കത്തിലെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

സാധാരണ ബാങ്കിങ് ഇടപാടുകള്‍ക്കപ്പുറം വിദേശത്തേക്ക് പണം കടത്തിയ വന്‍ ഹവാല ശൃംഖലയുടെ തെളിവുകള്‍ ഇ.ഡി ഡിജിപിക്ക് നല്‍കിയ 25 പേജുള്ള കത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വീണ ടി 85 ലക്ഷം രൂപ ദുബായിലേക്ക് കൈമാറിയതായി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം കൈപ്പടയില്‍ എഴുതിയ ഇടപാടുകളുടെ കുറിപ്പുകളും ഇതിന് തെളിവായി ഇ.ഡി ഹാജരാക്കിയിട്ടുണ്ട്. 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ സുബൈര്‍ കരുവാംപൊയില്‍ എന്ന ഹവാല ഏജന്റ് വഴി 5 തവണയായി 1.20 കോടി രൂപ ദുബായിലുള്ള ഫൈജാസിന് കൈമാറിയതായി മന്ത്രി റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസ് മൊഴി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഡയറിയില്‍ ഈ പണമിടപാടുകളുടെ വ്യക്തമായ കണക്കുകള്‍ ഉണ്ടെന്ന് ഇ.ഡി വ്യക്തമാക്കുന്നു. ഹവാല ഇടപാടുകള്‍ ഏകോപിപ്പിക്കാന്‍ 16 അംഗങ്ങളുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നു. ഹസന്‍ വാരിസിന്റെ ഫോണില്‍ നിന്ന് ലഭിച്ച ചാറ്റുകളില്‍ അംഗങ്ങളുടെ പേരുകള്‍ ‘ഹവാല’ എന്ന് ചേര്‍ത്താണ് സേവ് ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു നമ്പര്‍ ‘മിനിസ്റ്റര്‍ റിയാസ്’ എന്ന പേരിലും മുന്‍ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളുടെ നമ്പറുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ഇതുവരെ കേവലം കമ്പനികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാട് എന്ന രീതിയില്‍ വാദിക്കപ്പെട്ടിരുന്ന എക്സാലോജിക് കേസ്, വിദേശത്തേക്കുള്ള അനധികൃത പണമിടപാടുകളിലേക്കും ഹവാല ശൃംഖലയിലേക്കും വിരല്‍ ചൂണ്ടുന്നതോടെ നിയമപരമായും രാഷ്ട്രീയമായും വലിയ തിരിച്ചടിയാണ് നല്‍കുന്നത്. ഇ.ഡി നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുമോ അതോ വിഷയം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പൂര്‍ണ്ണമായി ഏറ്റെടുക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

Related Articles

Latest Articles