തിരുവനന്തപുരം: കോടികളുടെ അഴിമതിയും നിക്ഷേപത്തട്ടിപ്പും നടന്ന, ജില്ലയിലെ കണ്ടല സഹകരണ ബാങ്കിലും ഇ ഡിയെത്തി. ഇന്ന് പുലർച്ചെയാണ് ഇ ഡി സംഘം ബാങ്കിന്റെ ഹെഡ് ഓഫീസിൽ എത്തി പരിശോധന ആരംഭിച്ചത്. മുൻ ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗന്റെ വീട്ടിലും പരിശോധന നടക്കുന്നു. 50 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് നിഗമനം. ബാങ്ക് ഇപ്പോൾ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്. കരുവന്നൂരിലെ അന്വേഷണം കൂടുതൽ സഹകരണ ബാങ്കുകളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയാണ് കണ്ടലയിൽ നടക്കുന്ന റെയ്‌ഡ്. കണ്ടലയിലെ അഴിമതിക്കെതിരെയുള്ള സമരം ബിജെപി ഏറ്റെടുത്തിരുന്നു. പാവപ്പെട്ട നിക്ഷേപകരുടെ താല്പര്യം രക്ഷിക്കാൻ ഇ ഡി അന്വേഷണം വേണമെന്ന ആവശ്യം ബിജെപി ഉന്നയിച്ചിരുന്നു.
കോടിക്കണക്കിന് രൂപയുടെ നിക്ഷേപ-ചിട്ടി-വായ്‌പ്പാ തട്ടിപ്പുകൾ ബാങ്കിൽ നടന്നതായി പരാതി ഉയർന്നിരുന്നു. 200 കോടിക്കടുത്താണ് കണ്ടല ബാങ്കിൽ നടന്ന തട്ടിപ്പെന്നാണ് മുൻ ഭാരവാഹികൾ പറയുന്നത്. മുൻ പ്രസിഡന്റ് ഭാസുരംഗൻ നടത്തിയ മറ്റൊരു വൻ തട്ടിപ്പ് കൂടിയാണ് പുറത്തുവരുന്നത്. കേരള ബാങ്കിനെയും ഭാസുരംഗൻ പറ്റിച്ചെന്ന പരാതിയുണ്ട്. അതും 38 കോടി രൂപ കാർഷിക വായ്പ എടുത്താണ് ഈ തട്ടിപ്പ് നടത്തിയത്. അന്നത്തെ ജില്ലാ സഹകരണ ബാങ്കാണ് ഇപ്പോൾ കേരള ബാങ്ക് ആയി മാറിയത്.
എൻ ഭാസുരാംഗൻ ജില്ലാ ബാങ്കിലും കോടികളുടെ ബാധ്യതയുണ്ടാക്കിയതിൻ്റെ തെളിവുകൾ ഈയിടെ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇ ഡി യുടെ അന്വേഷണം.

