Friday, May 17, 2024
spot_img

ശരണം വിളി മാറ്റൊലി കൊള്ളാൻ ഇനി 9 നാളുകൾ; ഒരുക്കങ്ങൾ തകൃതി, പതിനെട്ടാംപടിക്കു മുകളിലെ ഹൈഡ്രോളിക് മേൽക്കൂരയുടെ നിർമ്മാണം എങ്ങുമെത്തിയില്ല !

പത്തനംതിട്ട: ശബരിമല തീർഥാടനം ആരംഭിക്കാൻ ഒൻപത് ദിവസം മാത്രം ബാക്കിനിൽക്കെ സന്നിധാനത്തെ നവീകരണ ജോലികൾ 10-ന് മുമ്പ് തീർക്കാൻ ദേവസ്വം ബോർഡ് തീവ്രശ്രമത്തിൽ. കെട്ടിടങ്ങളുടെ പെയിന്റിങ് ജോലികളും മറ്റും പൂർത്തിയായി വരുന്നുണ്ടെങ്കിലും പതിനെട്ടാംപടിക്കു മുകളിലെ ഹൈഡ്രോളിക് മേൽക്കൂരയുടെ (സ്‌മാർട്ട് റൂഫ്) നിർമ്മാണം വൈകുന്നത് ബോർഡിന് തലവേദനയാണ്. കൽത്തൂണുകളുടെ ജോലികൾ മാത്രമാണ് ഇതിനോടകം പൂർത്തിയായത്. സ്റ്റീൽകൊണ്ടുള്ള മേൽക്കൂര നിർമ്മാണം ഇതുവരെ തുടങ്ങിയിട്ടില്ല. ഇതിനുമുകളിൽ സ്ഥാപിക്കാനുള്ള ഗ്ലാസ് ബെംഗളൂരുവിൽ നിന്ന്‌ സന്നിധാനത്തെത്തിച്ചിട്ടുണ്ട്. നട തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മേൽക്കൂര നിർമ്മാണം പൂർത്തിയാക്കി ഗ്ലാസ് സ്ഥാപിക്കാൻ പറ്റുമോയെന്നത് സംശയമാണ്. മേൽക്കൂരയുടെ ജോലികൾ നേരത്തേ, ചിങ്ങമാസത്തിൽ പൂർത്തിയാക്കണമെന്ന് ദേവസ്വം ബോർഡ് നിർദേശിച്ചിരുന്നതാണ്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തീകരിച്ചിട്ടില്ല. ഒരിടയ്ക്ക് നിലച്ചുപോയ പണി, ദേവസ്വം ബോർഡ് പ്രസിഡന്റ് നേരിട്ട് ഇടപെട്ടതിനെ തുടർന്നാണ് പുനരാരംഭിച്ചത്.

അതേസമയം, തിരുപ്പതി മോഡൽ ക്യൂവിനായുള്ള എൽ.ഇ.ഡി. ഡിസ്‌പ്ലേ ബോർഡ് സ്ഥാപിക്കുന്ന ജോലികൾ 14-ന് തുടങ്ങും. മരക്കൂട്ടത്തിനും ശരംകുത്തിക്കുമിടയിലുള്ള ആറ് ക്യൂ കോംപ്ലക്‌സുകളിലാണ് ഇത് സജ്ജമാക്കുന്നത്. കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ വലിയ തിരക്ക് കണക്കിലെടുത്താണ് ഇത്തവണ മുതൽ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ക്യൂ സംവിധാനം കൊണ്ടുവന്നത്. നീലിമലപ്പാതവഴി വരുന്ന തീർഥാടകരെ ഈ ക്യൂ കോംപ്ലക്സുകളിലേക്ക് കടത്തിവിടും. ഒരു കോംപ്ലക്‌സിൽ മൂന്ന് ഹാളുണ്ടാകും. മൊത്തം 18 ഹാൾ. ഇതിലാണ് എൽ.ഇ.ഡി. ഡിസ്‌പ്ലേ ബോർഡ് ഉണ്ടാകുക. ഇതിൽ സന്നിധാനത്തെ തിരക്ക്, കടത്തിവിടുന്ന സമയം എന്നിവ പ്രദർശിപ്പിക്കും. അനൗൺസ്‌മെന്റും ഉണ്ടാകും. എല്ലാ കോംപ്ലക്സിലും ഭക്ഷണം, വെള്ളം, ശൗചാലയം, ഇരിപ്പിടം, ഫാൻ എന്നിവയുണ്ടാകും. സന്നിധാനത്തെ പോലീസിന്റെ സന്ദേശത്തിന് അനുസരിച്ച് ക്യൂ കോംപ്ലക്സ് തുറക്കുന്ന സമയം ക്രമീകരിക്കും. പോലീസാണ് സംവിധാനം നിയന്ത്രിക്കുന്നത്.ക്യൂകോംപ്ലക്സുകൾ ഇന്റർലോക്ക് ചെയ്യുന്ന ജോലികൾ തുടങ്ങിയിട്ടുണ്ട്. 40 ലക്ഷം രൂപയാണ് ചെലവാക്കുന്നത്. 10-നകം പൂർത്തീകരിക്കും.

പോലീസ് ബാരക്ക്, ഡോർമിറ്ററികൾ തുടങ്ങിയ കെട്ടിടങ്ങളുടെ പെയിന്റിങ് ജോലികൾ നടന്നുവരുന്നുണ്ട്. ഇത് പത്തിനകം പൂർത്തിയാക്കണമെന്നാണ് മരാമത്ത് വിഭാഗത്തിന് ലഭിച്ച നിർദേശം. നടപ്പന്തലിൽ പുതിയ കൈവരികൾ നിർമാണം പൂർത്തിയായി. പെയിന്റിങ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ആഴിയുടെ നവീകരണവും ആരംഭിച്ചു. കരി നീക്കംചെയ്ത് പുതിയ ഷീറ്റുകൾ സ്ഥാപിക്കുന്ന ജോലികളാണ് നടക്കുന്നത്. മരക്കൂട്ടത്ത്, അഗ്നിരക്ഷാസേന, പോലീസ് എന്നിവർക്കുള്ള താത്‌കാലിക ഷെഡുകളുടെ നിർമ്മാണം നടന്നുവരുന്നുണ്ട്. സന്നിധാനത്ത് വിവിധയിടങ്ങളിലായി 168 പുതിയ മൂത്രപ്പുരകളുടെ നിർമ്മാണവും അവസാനഘട്ടത്തിലാണ്.

Related Articles

Latest Articles