Monday, April 29, 2024
spot_img

സഹകരണ തട്ടിപ്പിൽ ഇ ഡി ഇന്ന് ഇരച്ചു കയറിയത് രണ്ടു ജില്ലകളിലായി 9 ഇടങ്ങളിൽ; തൃശ്ശൂരിൽ മാത്രം എത്തിയത് പത്തംഗ അന്വേഷണ സംഘം; പരിശോധന പതിവുപോലെ സംസ്ഥാന പോലീസിനെ അറിയിക്കാതെ കേന്ദ്ര സായുധ സേനയുടെ സുരക്ഷയിൽ

തൃശ്ശൂർ: കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത അഴിമതിയുടെ കുരുക്കഴിക്കാൻ ഇ ഡി ഇരച്ചു കയറിയത് രണ്ടു ജില്ലകളിലായി 9 ഇടങ്ങളിലാണ്. തൃശ്ശൂർ, എറണാകുളം ജില്ലകളിലാണ് പരിശോധന പുരോഗമിക്കുന്നത്. തൃശ്ശൂരിൽ മാത്രം പത്തംഗ അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്. പതിവുപോലെ വിവരം കേരളാ പോലീസിനെ അറിയിക്കാതെ കേന്ദ്ര സായുധ സേനയുടെ സുരക്ഷയിലാണ് റെയ്‌ഡ്‌ പുരോഗമിക്കുന്നത്. സിപിഎം ഭരണത്തിലുള്ള ബാങ്കുകളും കരുവന്നൂർ കേസിലെ പ്രധാന പ്രതികളുമായി ബന്ധപ്പെട്ട വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന.

തൃശ്ശൂർ സഹകരണ ബാങ്ക്, അയ്യന്തോൾ സഹകരണ ബാങ്ക്, കൊടുങ്ങല്ലൂർ സഹകരണ ബാങ്ക് എന്നിവയുടെ ഓഫീസുകളിലും പരിശോധന പുരോഗമിക്കുന്നു. കരുവന്നൂർ കേസിലെ തട്ടിപ്പുകാരുടെ കള്ളപ്പണം ഈ ബാങ്കുകളിൽ നടന്ന ഇടപാടുകളിലൂടെ വെളുപ്പിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചില സ്വർണ്ണ വ്യാപാര സ്ഥാപനങ്ങൾ അടക്കമുള്ള കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നു. പ്രധാനമായും കരുവന്നൂർ കേസിലെ പ്രതി പി സതീഷ് കുമാർ നടത്തിയ ഇടപാടുകളിലാണ് ഇപ്പോൾ സൂക്ഷ്‌മ പരിശോധന നടക്കുന്നത്. നാളെ സതീഷ് കുമാറിന്റെ റിമാൻഡ് കാലാവധി അവസാനിക്കുകയാണ്. എ സി മൊയ്‌ദീൻ അടക്കം നിരവധി ഉന്നത സിപിഎം നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമാണുള്ളത്. അന്വേഷണത്തിൽ ക്രൈം ബ്രാഞ്ച് വിട്ടുകളഞ്ഞ 12 പേരുടെ ഇടപാടുകളിലാണ് ഇപ്പോൾ ഇ ഡി യുടെ ശ്രദ്ധ.

Related Articles

Latest Articles