മലപ്പുറം: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് വ്യാപകമായി കള്ളപ്പണം സ്വീകരിച്ചിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തില്‍ അഞ്ചിടങ്ങളിലായി നടത്തിയ പരിശോധനയില്‍ നിരവധി ബാങ്ക് ഇടപാട് രേഖകളും ലാപ്ടോപ്പുകളും പിടികൂടി. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലെ പരിശോധന പന്ത്രണ്ട് മണിക്കൂറാണ് നീണ്ടത്. ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ഏഴ് നേതാക്കളുടെ വീടുകളിലാണ് പരിശോധന നടന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലും തിരുവനന്തപുരം കരമന സ്വദേശികൂടിയായ അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പോപ്പുലര്‍ ഫ്രണ്ടിന്റെ മീഞ്ചന്തയിലെ ഓഫീസിലുമടക്കം ഇഡി സംഘം പരിശോധന നടത്തി.
കരമന അഷ്‌റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തൂറയിലെ വീട്ടില്‍ കൊച്ചിയില്‍നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടെ വീട്ടിലും മിന്നല്‍പരിശോധന നടന്നു. ദില്ലി കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ഒരു കേസിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നത്. കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് ഇഡി പറയുന്നത്.

