തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ ദൃശ്യമാധ്യമങ്ങളിലും റേഡിയോകളിലും നല്‍കുന്ന പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അംഗീകാരം വാങ്ങിയിരിക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. കെ. വാസുകി അറിയിച്ചു. കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് സെല്ലിലാണ് അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, സ്വകാര്യ എഫ്.എം. ചാനലുകള്‍ അടക്കമുള്ള റേഡിയോകള്‍, സമൂഹ മാധ്യമങ്ങള്‍, തിയേറ്ററുകള്‍ തുടങ്ങിയയിടങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍, ബള്‍ക്ക് എസ്.എം.എസുകള്‍, വോയ്‌സ് മെസേജുകള്‍ തുടങ്ങിയവയ്ക്ക് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട് .
അംഗീകാരമുള്ള ദേശീയ, സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ പരസ്യ സംപ്രേഷണത്തിനോ പ്രക്ഷേപണത്തിനോ ഉദ്ദേശിക്കുന്ന സമയത്തിന്റെ മൂന്നു ദിവസം മുൻപെങ്കിലും അപേക്ഷ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ്സെല്ലില്‍ സമര്‍പ്പിക്കണം. മറ്റു വ്യക്തികളോ സംഘടനകളോ ആണ് പരസ്യം നല്‍കുന്നതെങ്കില്‍ ഏഴു ദിവസം മുമ്ബെങ്കിലും അപേക്ഷ നല്‍കണമെന്നതാണു ചട്ടം.
പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം പരസ്യത്തിന്റെ ഇലക്‌ട്രോണിക് പതിപ്പിന്റെ രണ്ടു പകര്‍പ്പുകളും വിശദമായ ട്രാന്‍സ്‌ക്രിപ്റ്റും സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, സംപ്രേഷണ ചെലവ് എന്നിവയും പരസ്യത്തിന്റെ ചെലവ് ചെക്കായോ ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്നു കാണിക്കുന്ന പ്രസ്താവനയും അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ടതുണ്ട്. അപേക്ഷയുടെ മാതൃക കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ ലഭിക്കും. സര്‍ട്ടിഫിക്കേഷനുവേണ്ടി ലഭിക്കുന്ന അപേക്ഷകള്‍ കമ്മിറ്റി പരിശോധിച്ച് 24 മണിക്കൂറിനകം തീരുമാനമെടുക്കും.

