Wednesday, November 25, 2026

രാഘവന് പണി കിട്ടി; കോഴ ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരായ കോഴ ആരോപണത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ കോഴിക്കോട് കളക്ടറോട് റിപ്പോര്‍ട്ട് തേടി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സ്ഥാനാര്‍ഥികള്‍ കള്ളപ്പണവും മദ്യവും അനധികൃതമാര്‍ഗങ്ങളും സ്വീകരിക്കുന്നതായി സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ബുധനാഴ്ച വാര്‍ത്ത പുറത്തുവിട്ടിരുന്നു. എം കെ രാഘവനടക്കം രാജ്യത്തെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട പതിനഞ്ച് എം പിമാരുമായും മൂന്നു നേതാക്കളുമായും ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഒളിക്യാമറ ദൃശ്യങ്ങള്‍ എന്ന് അവകാശപ്പെട്ടാണ് ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്.

ഒരു കമ്പനിയുടെ പേരില്‍ നടത്തുന്ന ഇടപാടിന് കോടികളുടെ കമ്മീഷന്‍ നല്‍കാമെന്ന വാഗ്ദാനത്തില്‍ എം കെ രാഘവനടക്കം പതിനഞ്ചുപേര്‍ താത്പര്യം കാട്ടിയെന്നും ചാനല്‍ ആരോപിച്ചിരുന്നു.

Related Articles

Latest Articles