Wednesday, January 7, 2026

തെര‍ഞ്ഞെടുപ്പില്‍ തോല്‍വി ഭയം; കൊലീബി ആരോപണം സി.പി.എമ്മിന്റെ പൂഴിക്കടകന്‍: മുല്ലപ്പള്ളി

മികച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ കണ്ട് ഞെട്ടിപ്പോയ സി.പി.എം. കൊലീബി ബന്ധം ആരോപിക്കുന്നത് തെരഞ്ഞെടുപ്പില്‍ അടിയറവ് പറയുന്നതിനു മുമ്പായി അവര്‍ നടത്തുന്ന അവസാനത്തെ പൂഴിക്കടകന്‍ അടവാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ .
ആര്‍.എസ്.എസുമായി ഒരു കാലത്തും നീക്കുപോക്ക് ഉണ്ടാക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സി.പി.എം. ആരോപണം ഉന്നയിക്കുന്ന 5 സീറ്റിലും യു.ഡി.എഫ്. മിന്നുന്ന വിജയം നേടുമെന്ന് ഇതോടെ ഉറപ്പായിരിക്കുന്നു. ഇടതുപക്ഷത്തിന്റെ പരിഭ്രാന്തിയും മുന്‍കൂര്‍ ജാമ്യം തേടലുമാണ് ഈ പ്രസ്താവനയില്‍ നിറഞ്ഞു നില്‍ക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ബി.ജെ.പി.- സി.പി.എം. ബന്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ലാവ്‌ലിന്‍ കേസില്‍ കാണുന്നത്. ഈ കേസിലെ പ്രതിയായ കാനഡയിലെ എസ്.എന്‍.സി. ലാവ്‌ലിന്‍ വൈസ് പ്രസിഡന്റായിരുന്ന ക്ലൗഡ് ട്രൗഡലിനെ വാറണ്ട് പുറപ്പെടുവിച്ച് 6 വര്‍ഷം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിനെ സി.ബി.ഐ. കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള സി.ബി.ഐ. 12 തവണയാണ് ലാവ്‌ലിന്‍ കേസ് മാറ്റി വച്ചത്. ജഡ്ജിമാര്‍ വാദം കേള്‍ക്കാന്‍ തയ്യാറായിട്ടും ദിവസങ്ങള്‍ക്കു മുമ്പ് സി.ബി.ഐ. ആവശ്യപ്പെട്ട് കേസ് തുടരെ തുടരെ മാറ്റി വയ്ക്കുന്നത് മുഖ്യമന്ത്രി പിണറായിയെ സഹായിക്കാനാണെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

1977 ലെ പോലെ കേരളത്തില്‍ ഇടതുപക്ഷത്തിന് ഒരു സീറ്റും ലഭിക്കില്ലായെന്ന് തിരിച്ചറിഞ്ഞ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും പിച്ചും പേയും പറയുകയാണ്. ഗീബെല്‍സിനെപ്പോലെ കള്ളം പറയല്‍ കലയാക്കിയ സി.പി.എം. എന്നും നുണ പ്രചരിപ്പിക്കുന്നതില്‍ വൈരുദ്ധ്യം കാട്ടിയിട്ടുണ്ട്. കേരളീയ പൊതുസമൂഹം ഇത് നന്നായി തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related Articles

Latest Articles