രാജ്യത്തെ തെരെഞ്ഞെടുപ്പ് നിയമങ്ങളുടെ കാലാനുസൃതമായ പരിഷ്‌ക്കരണം ലക്ഷ്യമിട്ട് തെരെഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ ലോക്സഭ ശബ്ദ വോട്ടോടുകൂടി പാസ്സാക്കി. വോട്ടർപ്പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്ന ഭേദഗതിയാണ് പ്രധാനം. തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഏതു സ്ഥലവും ഏറ്റെടുക്കാൻ നിയമ ഭേദഗതി തെരെഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകുന്നു. ജന പ്രാധിനിത്യ നിയമത്തിൽ ഭാര്യ എന്നതിന് പകരം സ്പോസ് എന്ന പദം ഉപയോഗിക്കാനും ലിംഗ നീതി ഉറപ്പു വരുത്താനും ഭേദഗതി ലക്ഷ്യമിടുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടയിലാണ് കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു ബില്ല് അവതരിപ്പിച്ചത്.
പുതിയ നിയമ നിർമ്മാണം രാജ്യത്തെ തെരെഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് കൂടുതൽ വിശ്വാസ്യത നൽകുമെന്നും കള്ള വോട്ട് തടയുമെന്നും മന്ത്രി കിരൺ റിജ്ജു അഭിപ്രായപ്പെട്ടു.ഒരപേക്ഷയും നിരസിക്കില്ലെന്നും ആധാർ നമ്പർ സമർപ്പിക്കാൻ കഴിയാത്തതിന്റെ പേരിൽ ഒരാളെയും വോട്ടർ പട്ടികയിൽ നിന്ന് പുറത്തുകളയില്ലെന്നും ബില്ല് പറയുന്നു. വോട്ടർമാരെ തിരിച്ചറിയാൻ മറ്റു രേഖകളും അനുവദിക്കും. തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെ വിവിധ കോണുകളിൽ നിന്ന് തെരെഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കുന്നുണ്ട്.

