ദില്ലി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സുപ്രധാനമായ 7 നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. ഹിമാചൽ പ്രദേശ്, ഗുജറാത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ മികച്ച വിജയം നേടാനായാൽ പ്രചരണ രംഗത്ത് അത് ഗുണം ചെയ്യും എന്നാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും വിലയിരുത്തൽ. ഇന്ന് ഉപതെരഞ്ഞെടുപ്പ് ഫലം വരുന്ന 7 മണ്ഡലങ്ങളിൽ 3 എണ്ണം ബി.ജെ.പി യുടെ സിറ്റിംഗ് സീറ്റും 2 എണ്ണം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റും ഒന്നുവീതം ആർ.ജെ.ഡിയുടെയും ശിവസേനയുടെയും സിറ്റിംഗ് സീറ്റുമാണ്.
ബിഹാറിലെ മൊകാമ, ഗോപാൽഗഞ്ച് നിയമസഭാ മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ അന്ധേരി, ഹരിയാനയിലെ ആദംപൂർ, തെലങ്കാനയിലെ മുനുഗോഡ്, ഉത്തർപ്രദേശിലെ ഗോല ഗോകരനാഥ്, ഒഡീഷയിലെ ധാംനഗർ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ശിവ സേനയിലെ ആഭ്യന്തര ഭിന്നതയ്ക്ക് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിൽ മുംബൈയിലെ അന്ധേരി ഈസ്റ്റ് അസംബ്ലി ശ്രദ്ധേയമാണ്. കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ ബിഷ്‌ണോയിയുടെ മകൻ മത്സരിക്കുന്നു എന്നത് ഹരിയാനയിലെ ആദംപൂർ മണ്ഡലത്തിലെ പോരാട്ടത്തെ പ്രധാനപ്പെട്ടതാക്കുന്നു. ഭൂപിന്ദർ ഹൂഡയുടെ അനുയായി ജയ്പ്രകാശ് ആണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി.
ബിജെപി അംഗം സുഭാഷ് സിംഗ് മരണപ്പെട്ട സാഹചര്യത്തിലാണ് ബീഹാറിലെ ഗോപാൽഗഞ്ച് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. ഇവിടെ സുഭാഷ് സിംഗിന്റെ വിധിവയാണ് ബി.ജെ.പി സ്ഥാനാർത്ഥി. ഉത്തർപ്രദേശിലെ ഗോല ഗോകരനാഥ് സീറ്റും മരണപ്പെട്ട സിറ്റിംഗ് എം.എൽ.എ യുടെ മകനെ നിർത്തി സീറ്റ് നിലനിർത്തും. ഒഡീഷയിലെ ധാംനഗറിലും അന്തരിച്ച സിറ്റിംഗ് എം.എൽ.എ യുടെ മകനെ ആണ് ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയിരിയ്ക്കുന്നത്.

