കൊല്ലം: ആനയുടെ ആക്രമണത്തെ തുടർന്ന് പാപ്പാന് ഗുരുതര പരിക്ക്. കൊല്ലം കേരളപുരത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഒന്നാം പാപ്പാന്‍ സച്ചുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം പാപ്പാന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ആന പാപ്പാനെ ആക്രമിച്ചതെന്നാണ് സൂചന. ആനയുടെ മുന്‍കാലില്‍ പാപ്പാന്‍ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങൾ പുറത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.
അമ്പലത്തിലെ ഉത്സവ ചടങ്ങുകള്‍ക്കായി കൊണ്ടുവന്ന ആനയാണ് പാപ്പാന്‍മാരെ റോഡിലിട്ട് ചവിട്ടിയത്. ആനയുടെ പുറത്തിരുന്ന പാപ്പാന്റെ കൈയിലുണ്ടായിരുന്ന സഞ്ചി താഴെ വീണു. തുടർന്ന് ഇത് എടുക്കാനായി പാപ്പാന്‍ താഴേക്ക് ഇറങ്ങുകയായിരുന്നു. ഈ സമയം ആനയുടെ മുന്‍കാലില്‍ രണ്ടാം പാപ്പാന്‍ വടി കൊണ്ട് മര്‍ദ്ദിച്ചു. ഇതോടെ പ്രകോപിതനായ ആന ഇരു പാപ്പാന്‍മാരെയും ആക്രമിക്കുകയായിരുന്നു.
എന്നാൽ യാതൊരു പ്രകോപനവുമില്ലാതെ ആന അബദ്ധത്തില്‍ ചവിട്ടി എന്നായിരുന്നു പാപ്പാന്മാർ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രകോപനം ഉണ്ടായതിനെത്തുടര്‍ന്നാണ് ആന ആക്രമിച്ചതെന്ന് വ്യക്തമായത്. ഒന്നാം പാപ്പാന്‍ സച്ചുവിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല ഇയാളുടെ ശരീരത്തില്‍ വിവിധ ഭാഗങ്ങളിലെ എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ടെന്നാണ് വിവരം.

