കോഴിക്കോട് : പ്രമുഖ ചലച്ചിത്ര നിർമാതാവും ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഉടമയും മാതൃഭൂമി ഡയറക്ടറുമായ പി.വി.ഗംഗാധരൻ (80) അന്തരിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, വാര്‍ത്ത, അഹിംസ, അച്ചുവിന്റെ അമ്മ എന്നിങ്ങനെ ആ നിര നീളുന്നു. എഐസിസി അംഗമായിരുന്നു. 2011 ല്‍ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. മാതൃഭൂമി മുഴുവൻ സമയ ഡയറക്ടര്‍ ആയിരുന്നു.
കെ.ടി.സി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകൻ പി.വി. സാമിയുടേയും മാധവി സാമിയുടേയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ മൂത്ത സഹോദരനാണ്. പി.വി. ഷെറിൻ ആണ് ഭാര്യ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ മക്കളാണ്.

