Tuesday, September 22, 2026

ജമ്മു കശ്മീരിലെ കത്വയിൽ ഏറ്റുമുട്ടൽ! ജെയ്ഷെ കമാൻഡർ ഉസ്മാനെ വധിച്ച് സുരക്ഷാസേന

കത്വ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാൻഡർ ഉസ്മാനെ വധിച്ച് സുരക്ഷാ സേന . ഇന്ന് ബില്ലാവാർ മേഖലയിൽ നടന്ന സംയുക്ത ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചത്. ജമ്മു കശ്മീർ പോലീസും കരസേനയും സിആർപിഎഫും സംയുക്തമായാണ് ഈ ദൗത്യം നടപ്പിലാക്കിയതെന്ന് ജമ്മു റേഞ്ച് ഐജി ഭീം സെൻ തുതി അറിയിച്ചു. കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് അത്യാധുനികമായ എം-4 ഓട്ടോമാറ്റിക് റൈഫിൾ ഉൾപ്പെടെയുള്ള വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തു.

മേഖലയിൽ ഭീകരരെ തുടച്ചുനീക്കുന്നതിനായി സൈന്യം നടത്തിവരുന്ന ‘ഓപ്പറേഷൻ ട്രാഷി-1’ എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ നടപടി. ഭീകരരുമായുണ്ടായ കനത്ത വെടിവെപ്പിനിടയിൽ ഹവിൽദാർ ഗജേന്ദ്ര സിംഗ് എന്ന സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഏഴ് സൈനികർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. പരിക്കേറ്റവരെ ഉടൻ തന്നെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഷ്ത്വാർ ജില്ലയിൽ 12,000 അടി ഉയരത്തിലുള്ള ജെയ്ഷെ മുഹമ്മദിന്റെ ഭൂഗർഭ ഒളിത്താവളം സൈന്യം തകർത്തതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ഏറ്റുമുട്ടൽ നടന്നത് എന്നത് ശ്രദ്ധേയമാണ്.

ഭീകരർ ഒളിച്ചിരുന്ന കിഷ്ത്വാറിലെ കേന്ദ്രം അത്യാധുനിക രീതിയിൽ സജ്ജീകരിച്ചതായിരുന്നു. ഒരേസമയം നാലിലധികം ഭീകരർക്ക് താമസിക്കാവുന്ന ഈ താവളത്തിന് ഒന്നിലധികം പ്രവേശന-പുറത്തുകടക്കൽ കവാടങ്ങൾ ഉണ്ടായിരുന്നു. മാസങ്ങളോളം താമസിക്കാനുള്ള ഭക്ഷണസാധനങ്ങൾ, പാചകവാതകം, പുതപ്പുകൾ തുടങ്ങിയവയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മേഖലയിൽ ഇനിയും ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന നിഗമനത്തിൽ സുരക്ഷാ സേന പരിശോധന ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ അതിർത്തി സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.

Related Articles

Latest Articles