തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൈമുട്ടുകൊണ്ട് കുഞ്ഞിന്റെ വയറ്റിൽ ഇടിച്ചതായി കുഞ്ഞിന്റെ അച്ഛൻ കവളാകുളം ഐക്കരവിള വീട്ടിൽ ഷിജിൽ കുറ്റസമ്മതം നടത്തി. കാഞ്ഞിരംകുളം തവ്വാവിള ഷിജിൽ ഭവനിൽ താമസിക്കുന്ന ഷിജിൽ-കൃഷ്ണപ്രിയ ദമ്പതിമാരുടെ ഒരു വയസുള്ള മകൻ ഇഹാനാണ് 16-ാം തീയതി കുഴഞ്ഞുവീണ് മരിച്ചത്. ഷിജിൻ നൽകിയ ബിസ്‌കറ്റ് കഴിച്ചശേഷം കുഞ്ഞ് കുഴഞ്ഞു വീണ് മരിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ.
പോസ്റ്റുമോർട്ടത്തിലാണ് കൊലപാതക വിവരം പുറത്തു വന്നത്. കുഞ്ഞിന്റെ വയറ്റിലേറ്റ ക്ഷതവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതോടെ പോലീസ് കുഞ്ഞിന്റെ മാതാപിതാക്കളെ രണ്ടുതവണ ചോദ്യംചെയ്തിരുന്നു.കുഞ്ഞിന്റെ വയറ്റിൽ ആന്തരികമായി ക്ഷതമേറ്റിരുന്നു. ഈ ക്ഷതത്തെത്തുടർന്നുണ്ടായ രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോർട്ട്.
കുഞ്ഞിന്റെ രാത്രിയുള്ള കരച്ചിൽ അസ്വസ്ഥപ്പെടുത്തിയിരുന്നുവെന്നാണ് ഷിജിലിന്റെ മൊഴി. കൈമുട്ടുകൊണ്ട് കുഞ്ഞിന്റെ വയറ്റിൽ ഇടിക്കുകയായിരുന്നുവെന്നും ഷിജിൽ സമ്മതിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയ ആന്തരിക രക്തസ്രാവം ഈ ഇടിയെ തുടർന്നുണ്ടായതാണെന്ന് ഇതോടെ വ്യക്തമായി.

