Friday, September 18, 2026

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബദ്‍ഗാം ജില്ലയില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ബദ്‍ഗാമിലെ സുത്‍സു ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്ന് വെടിവെപ്പുണ്ടാവുകയായിരുന്നു.

തുടര്‍ന്ന് സേന തിരികെ വെടിവച്ചു. ഈ ഏറ്റുമുട്ടലിനിടെയാണ് രണ്ട് ഭീകരരെ സേന വധിച്ചത്. സൈനികര്‍ക്ക് ആര്‍ക്കും പരിക്കില്ല. സ്ഥലത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാന്‍ തെരച്ചില്‍ തുടരുകയാണ്.

ഇന്നലെയും ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഷോപ്പിയാനില്‍ സിആര്‍പിഎഫുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരില്‍ നിന്ന് സുരക്ഷാസേന ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.

Related Articles

Latest Articles