Wednesday, May 15, 2024
spot_img

സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ ; കേസെടുക്കാതെ പോലീസ്; സിബിഐ അന്വേഷണ സാധ്യത തേടി ഇഡി; സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ (Swapna Suresh) മൊഴി ഇഡി വീണ്ടും രേഖപ്പെടുത്തുമെന്ന് റിപ്പോർട്ട്. സ്വപ്ന ഒരു മാധ്യമത്തിൽ നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥനത്തിലാണിത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ ഇഡി അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറും കേരള പോലീസിലെ ചില ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നാണ് സ്വപ്‍ന ആരോപിക്കുന്നത്. ഈ ഗൂഢാലോചനയുടെ ഭാഗമായി മുൻകൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചാണു സ്വപ്നയെ കൊണ്ട് ഇഡിക്കെതിരെ പറയിപ്പിച്ചതെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ കേസിൽ നിർണായകമാണ്.

അതേസമയം ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കേണ്ടത് സംസ്ഥാന പോലീസാണ്.എന്നാൽ വെളിപ്പെടുത്തലുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും കേരള പോലീസ് കേസ് റജിസ്റ്റർ ചെയ്യാൻ തയാറാകാത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കാൻ ഇഡി നിയമോപദേശം തേടിയിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നൽകിയതായും മൊഴി കൃത്യമായി വായിച്ചു നോക്കാൻ സാവകാശം നൽകാതെ മൊഴി പ്രസ്താവനയിൽ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമുയർത്തിയിരുന്നു.

ശിവശങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കു വേണ്ടി ‘ഫിനാൻഷ്യൽ നെഗോസ്യേഷൻ’ നടത്തിയെന്നു പറയാൻ സമ്മർദമുണ്ടെന്നാണു സന്ദേശത്തിലുണ്ടായിരുന്നത്. ഇതെല്ലാം തന്നെക്കൊണ്ടു വ്യാജമായി പറയിപ്പിച്ചതാണെന്നാണു സ്വപ്നയുടെ വെളിപ്പെടുത്തൽ. ഇഡി മുൻപാകെ സ്വപ്ന നേരത്തെ നൽകിയ മൊഴികളുമായി ഒത്തുപോകുന്ന വെളിപ്പെടുത്തലുകളാണു മാധ്യമങ്ങളിലൂടെ സ്വപ്ന നടത്തിയത്. ഇഡിയുടെ അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി, തെളിവുകൾ നശിപ്പിച്ചു, പ്രതികളെ ഒളിവിൽപോകാൻ സഹായിച്ചു തുടങ്ങിയ കുറ്റകൃത്യങ്ങളിൽ എം.ശിവശങ്കറിനുള്ള പങ്കാളിത്തം വ്യക്തമാക്കുന്നതാണു സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ.

Related Articles

Latest Articles