തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തെ ന്യായീകരിച്ച് എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ. എൽഡിഎഫിന് ഒരു പാളിച്ചയും പറ്റിയിട്ടില്ല. തൃക്കാക്കര കൂടി നഷ്ടപ്പെട്ടാൽ കോൺഗ്രസിന്റെ സ്ഥിതി എന്താകുമെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു. തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബോധപൂർവം വിവാദമുണ്ടാക്കാനും ശ്രമം ഉണ്ടായി. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് പങ്കെടുത്ത ആശുപത്രി വാർത്താസമ്മേളനം മനഃപൂർവം ചിലർ വിവാദമാക്കുകയായിരുന്നു. ഇതിനു പിന്നിൽ ഇവന്റ് മാനേജ്മെന്റുകാരാണെന്നും ഇ.പി. ജയരാജൻ ആരോപിച്ചു. ജയിക്കാനുള്ള പണി ചെയ്‌തെന്നും ഇടതുമുന്നണിക്ക് മണ്ഡലത്തിലുള്ള സ്വാധീനം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ട്വന്റിയുടെയും ബിജെപിയുടെയും വോട്ടുകൾ എവിടെ പോയെന്ന് പരിശോധിക്കണമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
ഭരണത്തിന്റെ വിലയിരുത്തലാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പെന്ന് എവിടെയും പറഞ്ഞിട്ടില്ല. നൂറു സീറ്റ് നേടാനായില്ല എന്നത് യാഥാർഥ്യമാണെന്നും തൃക്കാക്കരയില്‍ തോറ്റെങ്കിലും ഇടതുമുന്നണിയുടെ അടിത്തറ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ജയരാജനായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും മാധ്യമ ചർച്ചകളിൽ സ്ഥിരം മുഖവുമായി എ എസ് അരുൺ കുമാറിനെയാണ് പാർട്ടി ആദ്യം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. അതനുസരിച്ച് അരുൺ കുമാർ ഒന്നാം ഘട്ട തെരെഞ്ഞെടുപ്പ് പ്രചാരണവും പൂർത്തീകരിച്ചിരുന്നു. അരുൺകുമാറിനെ പിൻവലിച്ച് പുതിയ സ്ഥാനാർത്ഥിയെ ഇറക്കുന്നതിൽ വലിയ പങ്കു വഹിച്ച നേതാവ് കൂടിയാണ് ഇപി ജയരാജൻ.

