Saturday, January 10, 2026

ഏറ്റുമാനൂർ അമ്പലത്തിലെ തിരുവാഭരണ ക്രമക്കേട്; മാല മാറ്റി വച്ചതെന്ന് കണ്ടെത്തൽ; ദേവസ്വം വിജിലൻസ് റിപ്പോർട്ട് പുറത്ത്

ഏറ്റുമാനൂർ: ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണം ക്രമക്കേടിൽ മാല മാറ്റി വച്ചതെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. മാലകളുടെ സ്വർണ്ണത്തിൽ വ്യത്യാസമില്ല. വിജിലൻസ് ദേവസ്വം ബോർഡിന് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകി. മാല മോഷണം പോയത് തന്നെയാണെന്നാണ് ദേവസ്വം ബോർഡ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. സംഭവം ദേവസ്വത്തിനെ അറിയിക്കുന്നതിൽ ക്ഷേത്രം ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

എന്നാൽ ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ തിരുവാഭരണം കമ്മീഷണറുടെ റിപ്പോർട്ടിന് വിരുദ്ധമാണ്. മുൻ മേൽശാന്തിക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. വിഗ്രഹത്തിൽ നിത്യവും ചാർത്തുന്ന രുദ്രാക്ഷ മാലയിലെ ഒമ്പത് മുത്തുകളാണ് കാണാതായത്. സംഭവത്തിൽ മോഷണ കുറ്റത്തിന് പോലീസ് കേസെടുത്തിരുന്നു. 23 ഗ്രാം സ്വർണ്ണം അടങ്ങിയ മാല കാണാതായി എന്നാണ് കേസ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എഫ്ഐആറിൽ ആരെയും പ്രതി ചേർത്തിട്ടില്ല.

അതേസമയം ജൂലായ് അഞ്ചിന് പുതിയ മേൽശാന്തി ചുമതല ഏറ്റെടുത്തപ്പോഴാണ് തിരുവാഭരണ രജിസ്റ്റർ പ്രകാരം 218-ാം നമ്പരായി ചേർത്തിട്ടുള്ള 23 ഗ്രാം തൂക്കമുള്ളതും 81 രുദ്രാക്ഷക്കായ് കെട്ടിയിട്ടുള്ളതുമായ സ്വർണമാല കാണാനില്ലെന്ന് പറയുന്നത്. പരാതിക്ക് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ അന്വേഷണത്തിൽ രുദ്രാക്ഷമാല നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇതിനുപകരം മറ്റൊരു മാല ശേഖരത്തിൽ ഉണ്ട്. ഈ മാല വിളക്കി ചേർത്തതിന്റെയോ പൊട്ടിച്ചതിന്റെയോ ലക്ഷണങ്ങളില്ല. ദേവസ്വം രജിസ്റ്ററിലുള്ള മാലയ്‌ക്ക് 81 രുദ്രാക്ഷവും 23 ഗ്രാം തൂക്കവുമാണുള്ളത്. ഇപ്പോഴുള്ള മാലയ്‌ക്ക് 72 മുത്തുകളും 20 ഗ്രാം തൂക്കവുമാണുള്ളത്. ഇത് രജിസ്റ്ററിൽ ഇല്ലാത്ത മാലയാണ്. എന്നാൽ മാല കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നായിരുന്നു തിരുവാഭരണം കമ്മീഷണർ വ്യക്തമാക്കിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles