കണ്ണൂർ : അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതിയുടെ തീരുമാനം ഇന്നോ അടുത്ത ദിവസമോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ വ്യക്തമാക്കി. ഈമാസം 11 ന് മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുൽ റഹ്‌മയിൽ നിഹാൽ നൗഷാദ് (11) തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ്‌ക്കൾ കുട്ടിയെ ആക്രമിച്ച പശ്ചാത്തലത്തിലാണു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം.
‘‘സുപ്രീം കോടതിയും കേന്ദ്ര സർക്കാരും ഇനിയും നിശബ്ദത പാലിക്കുകയാണെങ്കിൽ നായ്ക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആലോചിക്കേണ്ടി വരും. സുപ്രീം കോടതിയിൽ കേസ് എത്തിയതിനാൽ ഇനി രണ്ട് ദിവസം കൂടി മാത്രമേ ക്ഷമയുണ്ടാവൂ. ജനങ്ങൾക്കു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലേക്കു കാര്യങ്ങളെത്തി. നിഹാലിനെയും ജാൻവിയെയും ആക്രമിച്ച തെരുവുനായ്ക്കളെ ഇന്നുതന്നെ പിടികൂടും’’– പി.പി.ദിവ്യ പറഞ്ഞു.
പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവിയെയാണ് (9) ഇന്നലെ നായ്ക്കൾ കടിച്ചു പരിക്കേൽപ്പിച്ചത്. വീടിന്റെ മുറ്റത്തുനിന്ന് കളിക്കുകയായിരുന്ന കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോകാനുള്ള ശ്രമവും നായകൾ നടത്തിയതായി സംഭവത്തിന്റെ ദൃക്സാക്ഷികൾ പറഞ്ഞു. തലയിലും വയറിലും തുടയിലും കൈയിലും ആഴത്തിൽ മുറിവേറ്റ കുട്ടി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

