Monday, December 22, 2025

‘ആഷിക് അബുവിന് പോലും സിനിമയിൽ നിന്നും സേവാഭാരതിയെ ഒഴിച്ച് നിർത്താൻ കഴിഞ്ഞില്ല’; വിവാദങ്ങൾ അനാവശ്യമെന്നും മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ

തിരുവനന്തപുരം: വ്യത്യസ്ത രാഷ്‌ട്രീയമുള്ള സംവിധായകൻ ആഷിക് അബുവിന് പോലും തന്റെ സിനിമയിൽ നിന്നും സേവാഭാരതിയെ ഒഴിച്ചു നിർത്താനായില്ലെന്ന് തുറന്ന് പറഞ്ഞ് മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വൈറസ് സിനിമയിൽ സേവാഭാരതിയെ പരാമർശിച്ച അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും സിനിമയിൽ സേവാഭാരതിയെക്കുറിച്ച് പരാമർശിച്ചപ്പോഴും ഇന്നത്തേതു പോലെ ചിലർ വിദ്വേഷ പ്രചാരണം നടത്തിയിരുന്നുവെന്നും വിഷ്ണു മോഹൻ പറഞ്ഞു.

കൂടാതെ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നുമാണ് ആദ്യം മേപ്പടിയാനെതിരെ ആദ്യം വ്യാജ പ്രചാരണങ്ങൾ ഉയർന്നത്. പിന്നീട് ചില യൂട്യൂബേഴ്‌സും ഇത് ഏറ്റുപിടിച്ചു. അവരാണ് സിനിമയെ ഡീഗ്രേഡ് ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്നതെന്നും മേപ്പടിയാനിൽ ജാതിയോ മതമോ ഒന്നും ചർച്ചയാകുന്നില്ല. അതുകൊണ്ടു തന്നെ വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സിനിമ റിലീസ് ചെയ്തപ്പോൾ മികച്ച പ്രതികരണമാണ് ആളുകളിൽ നിന്നും ലഭിച്ചതെന്നും എന്നാൽ ഇതിന് ശേഷം ചിലർ വിദ്വേഷ പ്രചാരണം ആരംഭിച്ചുവെന്നും അവർ നമ്മൾ ചിന്തിച്ചിട്ടുപോലുമില്ലാത്ത കാര്യങ്ങൾ കണ്ടെത്തി പ്രചരിപ്പിക്കാൻ ആരംഭിച്ചുവെന്നും വിഷ്ണു മോഹൻ പറഞ്ഞു

‘സിനിമകാണാതെയാണ് ഇവർ ഇത്തരത്തിൽ പ്രചാരണങ്ങൾ പടച്ചുവിട്ടത്. ഇതിലെ നായകൻ ഹിന്ദുവും, വില്ലൻ മുസ്ലീമുമാണെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ. ഇന്ദ്രൻസ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ ഇന്ദ്രൻസിന്റെ കഥാപാത്രത്തെക്കാൾ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെ ഉപദ്രവിക്കുന്നത് ഷാജോണിന്റെ കഥാപാത്രമാണ്’-വിഷ്ണു മോഹൻ കൂട്ടിച്ചേർത്തു.

സിനിമയിൽ സേവാഭാരതി ആംബുലൻസിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ ആയിരുന്നു സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുളള വ്യാജ പ്രചാരണങ്ങൾ ഉയർന്നു വന്നത്.

Related Articles

Latest Articles