Tuesday, June 18, 2024
spot_img

കാലവർഷക്കെടുതിക്ക് ഇരയായ കുടുംബങ്ങൾക്ക് ഒരു വർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല; സർക്കാരിന്റെ മെല്ലെപ്പോക്കിന് കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന് വിശദീകരണം!

തിരുവനന്തപുരം: കഴിഞ്ഞവർഷത്തെ കാലവർഷക്കെടുതിയിൽ ഇരയായ കുടുംബങ്ങളെ തിരിഞ്ഞു നോക്കാതെ സർക്കാർ. ഒരു വർഷം പിന്നിട്ടിട്ടും പ്രകൃതി ദുരന്തത്തിൽ ഇരയായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തുക കൊടുത്തുതീർക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കാലവർഷത്തിൽ 93 വീടുകൾ പൂർണമായും തകരുകയും 2108 വീടുകൾ ഭാഗികമായി തകരുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ പൂർണമായി വീടു തകർന്നവർക്കുമാത്രമാണ് ഒരു ഗഡു തുകയെങ്കിലും ലഭിച്ചത്.

പൂർണമായി വീടു തകർന്നാൽ 4 ലക്ഷം രൂപയാണ് പരമാവധി ലഭിക്കുക. ഭാഗികമായി തകർന്നാൽ തദ്ദേശ വകുപ്പ് എൻജിനീയറിങ് വിഭാഗം പരിശോധിച്ചാണ് നഷ്ടപരിഹാരത്തിന്റെ തോത് കണക്കാക്കുന്നത്. 15–29%, 30–59%, 60–74%, 75–100% എന്നിങ്ങനെ വിഭാഗങ്ങളിലായി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നാശനഷ്ടം വിലയിരുത്തുന്നത്.

സംസ്ഥാന ദുരന്തപ്രതികരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നിവയിൽനിന്നാണ് തുക അനുവദിക്കുന്നത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി കാരണം തുക നൽകിയിട്ടില്ലെന്നാണു റവന്യു വകുപ്പിൽനിന്ന് ലഭിക്കുന്ന വിവരം.

Related Articles

Latest Articles