Monday, June 17, 2024
spot_img

മണിക്കൂറിൽ 135 കിലോമീറ്റർ വേഗത! റേമല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ കരതൊട്ടു; വിവിധ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

കൊൽക്കത്ത: റേമല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ കരതൊട്ടു. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിലായിരുന്നു ചുഴലിക്കാറ്റ് വീശിയടിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിയാണ് റേമല്‍ കര തൊട്ടത്.

ഇന്നലെ ഉച്ചയോടെ ശക്തിപ്രാപിച്ച ചുഴലിക്കാറ്റ് രാത്രി 8.30ഓടെയാണ് പശ്ചിമബംഗാൾ തീരത്തെത്തിയത്. ബംഗ്ലാദേശിലെ സാഗർ ഐലൻഡിനും ബംഗാളിലെ ഖേപുപാറയ്‌ക്കും ഇടയിലൂടെയാണ് റിമാൽ കര തൊട്ടത്. കാറ്റിന്റെ പ്രഭാവം ബംഗ്ലാദേശിലെ മോഗ്ല മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തി.

കഴിഞ്ഞ ദിവസം ഉച്ചയോടെ റിമാൽ ദുർബലമായി തീവ്ര ന്യൂനമർദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ബംഗാൾ, മേഘാലയ, അസം, ത്രിപുര, മിസോറം, നാഗാലാൻഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സിക്കിം, അരുണാചൽപ്രദേശ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിന്റെയും ന്യൂനമർദ്ദത്തിന്റെയും ഫലമായി ഈ സംസ്ഥാനങ്ങളിൽ കനത്ത മഴയ്‌ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.

പശ്ചിമ ബംഗാളിന്റെ വിവിധ ഇടങ്ങളിൽ അടുത്ത നാല് മണിക്കൂർ കാറ്റ് വീശിയടിക്കാനാണ് സാധ്യതയെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് ബാധിക്കുന്ന എല്ലാ മേഖലകളിലേക്കും എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സിൽ കുറിച്ചു. ചുഴലിക്കാറ്റ് തീരം തൊട്ടതിനാൽ കൊൽക്കത്ത വിമാനത്താവളവും ട്രെയിൻ സർവീസുകളും താത്കാലികമായി നിർത്തി വച്ചു.

Related Articles

Latest Articles