Tuesday, May 21, 2024
spot_img

രക്തം ചിന്തിയാലും വിയർപ്പൊഴുക്കില്ല എന്ന ചിന്താഗതിക്കാരാണ് ഇന്നത്തെ കമ്യൂണിസ്റ്റുകാർ! സിപിഎം ഉന്നയിച്ച ആരോപണങ്ങളിൽ കടുത്ത വിമർശനവുമായി മാത്യൂ കുഴൽനാടൻ

തിരുവനന്തപുരം : സിപിഎം ഉന്നയിച്ച കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് മാത്യൂ കുഴൽനാടൻ. ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ അദ്ദേഹം രക്തം ചിന്തിയാലും വിയർപ്പൊഴുക്കില്ല എന്ന ചിന്താഗതിക്കാരാണ് ഇന്നത്തെ കമ്യൂണിസ്റ്റുകാരെന്ന് തുറന്നടിച്ചു. സ്ഥാപനത്തിന്റെ എല്ലാ രേഖകളും പുറത്തുവിടാൻ തയാറാണെന്നും രേഖകൾ തോമസ് ഐസക്കിനെ പോലെ പ്രഗത്ഭനായ ഒരു സിപിഎം നേതാവിനു പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

“അധ്വാനത്തിന്റെ വിലയറിയാത്തതുകൊണ്ടാണ് സിപിഎം നേതാക്കൾ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത്. പ്രമുഖ അഭിഭാഷകരാണ് ഈ അഭിഭാഷക സ്ഥാപനത്തിലെ പങ്കാളികൾ. നിയമസ്ഥാപനത്തെ സിപിഎം സംശയത്തിന്റെ നിഴലിലാക്കി. വിയർപ്പിന്റെ വിലയറിയാത്തതു കൊണ്ടാണ് തോന്ന്യാസം പോലെയുള്ള ആരോപണം സിപിഎം നേതാക്കൾ ഉന്നയിച്ചത്. ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതിന്റെ ബുദ്ധിമുട്ട് അവർക്ക് അറിയില്ല. നെറ്റിയിലെ വിയർപ്പുകൊണ്ട് ജീവിക്കണമെന്നു ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഞാൻ അധ്വാനിച്ചു ജീവിക്കുന്ന വ്യക്തിയാണ്. രക്തം ചിന്തിയാലും വിയർപ്പൊഴുക്കില്ല എന്ന ചിന്താഗതിക്കാരാണ് ഇന്നത്തെ കമ്യൂണിസ്റ്റുകാർ.’’

വീണ വിജയന്റെ ആദായനികുതി രേഖകൾ പുറത്തുവിടാൻ തയാറുണ്ടോ? എക്സാലോജിക് രേഖകളുടെ പരിശോധനയ്ക്ക് തയാറുണ്ടോ ? സ്ഥാപനത്തിന്റെ എല്ലാ രേഖകളും പുറത്തുവിടാൻ തയാറാണ്. രേഖകൾ തോമസ് ഐസക്കിനെ പോലെ പ്രഗത്ഭനായ ഒരു സിപിഎം നേതാവിനു പരിശോധിക്കാം. സിപിഎം നേതാക്കൾ എന്ത് അധ്വാനം നടത്തിയാണ് ജീവിക്കുന്നത് ? ” – മാത്യു കുഴൽ നാടൻ ചോദിച്ചു.

ചിന്നക്കനാലിലെ ഭൂമി സംബന്ധിച്ചും മാത്യൂകുഴൽനാടൻ വിശദീകരണം നൽകി. “വൈറ്റ് മണി നൽകിയതു കൊണ്ടാണ് ചുരുങ്ങിയ വിലയ്ക്ക് ഭൂമി ലഭിച്ചത്. കൂടുതൽ സത്യസന്ധത കാണിച്ചതാണ് പ്രശ്നം. സർക്കാർ നിശ്ചയിച്ച ന്യായവിലയേക്കാൾ നികുതി അടച്ചു”- മാത്യൂ കുഴൽനാടൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കെതിരായുള്ള ആദായനികുതി തർക്ക പരിഹാരബോർഡിന്റെ വിധിയോടനുബന്ധിച്ച് തുടങ്ങിയ മാത്യു കുഴൽനാടൻ – സിപിഎം പോര് മുറുകുന്നതിനിടെയായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎ മൂന്നാറിൽ 7 കോടി രൂപ വിലയുള്ള ഭൂമി 1.92 കോടി മാത്രം കാണിച്ചു റജിസ്റ്റർ ചെയ്തു സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി സിപിഎം രംഗത്ത് വന്നത്. കലൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനനാണ് മാത്യു കുഴൽനാടൻ കള്ളപ്പണം വെളുപ്പിച്ചെന്നും നികുതിവെട്ടിപ്പു നടത്തിയെന്നും ആരോപിച്ചത്.

“2021 മാർച്ച് 18നു രാജകുമാരി സബ് റജിസ്ട്രാർ ഓഫിസിൽ റജിസ്റ്റർ ചെയ്യപ്പെട്ട വസ്തുവിനും റിസോർട്ടിനും മാത്യു കുഴൽനാടനും 2 പങ്കാളികളും വിലയായി കാണിച്ചിരിക്കുന്നത് 1.92 കോടിയാണ്. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ 3.5 കോടിയുടെ ഭൂമി സ്വന്തമായുണ്ടെന്നാണു പറഞ്ഞത്. 3.5 കോടി എന്നതു പകുതി ഷെയറിനാണെന്നും പറയുന്നുണ്ട്. ഭൂമിയുടെ യഥാർഥ വില ഏഴു കോടിയോളം വരും. തെരഞ്ഞെടുപ്പു കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ ദുബായ്, ഡൽഹി, ഗുവാഹത്തി, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ താൻ കൂടി പങ്കാളിയായ നിയമസ്ഥാപനത്തിൽനിന്നുള്ള വരുമാനമായി കാണിച്ചിരിക്കുന്നത് 23 കോടിയാണ്. അഭിഭാഷകനായി സജീവ പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വർഷം മാത്രമായ കുഴൽനാടന് ഇത്രയധികം വരുമാനം ഉണ്ടായതു സംശയകരമാണ്. ഇതേക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് സിപിഎം ആവശ്യം.” – സി.എൻ.മോഹനൻ പറഞ്ഞു.

Related Articles

Latest Articles