Friday, May 10, 2024
spot_img

അവരവരുടെ വിശ്വാസങ്ങളെ, അനുഷ്ഠാനങ്ങളെ സംരക്ഷിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്! ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബ ആയതിന് തന്നെ വർഗീയവാദി ആക്കിയവരുണ്ട് ! പ്രതികരണവുമായി അനുശ്രീ

ഒറ്റപ്പാലം : അവരവരുടെ വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും സംരക്ഷിക്കാനുള്ള അവകാശം ഭാരതത്തിൽ എല്ലാവർക്കുമുണ്ടെന്നും ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബ ആയതിന് തന്നെ വർഗീയവാദി ആക്കിയവരുണ്ടെന്നും തുറന്നു പറഞ്ഞ് അഭിനേത്രി അനുശ്രീ. ഹിന്ദു വിശ്വാസികൾക്ക് നട്ടെല്ലില്ല എന്നാണ് ചിലർക്കെങ്കിലും മിഥ്യാ ധാരണയുണ്ടെന്നും എന്നാൽ ഇത്രയധികം ആളുകൾക്ക് ഈ സദസിൽ എത്താമെങ്കിൽ നമ്മുടെ വിശ്വാസികൾക്ക് നട്ടെല്ലുണ്ടെന്ന് കാണിച്ച് കൊടുക്കുന്ന വേദിയാണ് ഇതെന്നും ഗണേശോത്സവത്തിൽ പങ്കെടുക്കാനെത്തിയ ഭക്തജനക്കൂട്ടത്തെ സാക്ഷിയാക്കി അനുശ്രീ പറഞ്ഞു. ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അനുശ്രീ.

“എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് പറഞ്ഞുവെന്ന് കരുതി ഒരു വിശ്വാസി അവിശ്വാസി ആകുന്നില്ല. നമ്മൾ ജനിച്ചപ്പോൾ മുതൽ കണ്ട കാര്യങ്ങളും, കണ്ടു വളരുന്ന ആചാരാനുഷ്ഠാനങ്ങളും ഉണ്ട്. എത്രയോ കാലം കൊണ്ട് വിശ്വാസി ആയവരാണ് നമ്മൾ. ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് ഗണപതി കെട്ടുക്കഥയാണ്, അല്ലെങ്കിൽ മഹാദേവൻ കെട്ടുകഥയാണ് എന്നൊക്ക പറഞ്ഞാൽ നമ്മളിലെ വിശ്വാസി അവിശ്വസിയാകാൻ പോകുന്നില്ല. അതുകൊണ്ട് നമ്മുടെ വിശ്വാസങ്ങൾ നഷ്ടപ്പെടുകയില്ല.

എന്തുകൊണ്ടാണ് നമ്മുടെ വിശ്വാസങ്ങളെ മാത്രം വ്രണപ്പെടുത്തുന്നത്. ഹിന്ദുക്കളെ മാത്രം ഉപദ്രവിക്കുന്നത് എന്തിനാണെന്ന് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദൻ ചോദിച്ചിരുന്നു. ആർക്കൊക്കെയാ ഒരു മിഥ്യാധാരണയുണ്ട് നമുക്ക് നട്ടെല്ലിന് കുറച്ച് ബലം കുറവാണെന്ന്. ഇത്രയധികം ആളുകൾക്ക് ഈ സദസിൽ എത്താമെങ്കിൽ നമ്മുടെ വിശ്വാസികൾക്ക് നട്ടെല്ലുണ്ടെന്ന് കാണിച്ച് കൊടുക്കുന്ന വേദിയാണ് ഇത്. ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ പ്രശ്‌നമുണ്ടാക്കണമെന്നോ, അക്രമം നടത്തണമെന്നോ ഒന്നുമല്ല പറയുന്നത്. ഒരു വർഗീയവാദവുമല്ല ഞാൻ പറയുന്നത്. രാഷ്‌ട്രീയമല്ല ഞാൻ സംസാരിക്കുന്നത്. എന്റെ അനുഭവങ്ങളിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്.

അവരവരുടെ വിശ്വാസങ്ങളെ, അനുഷ്ഠാനങ്ങളെ സംരക്ഷിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പിന്നെ എന്തിനാണ് മറ്റുള്ളവർ നമ്മുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത്. എല്ലാവർക്കും അവരവർക്ക് കഴിയുന്ന രീതിയിൽ പ്രതികരിക്കുക. എന്റെ പ്രതിഷേധം അറിയിക്കാനുള്ള വേദിയായാണ് ഈ സദസിനെ ഞാൻ കാണുന്നത്. എനിക്ക് യുട്യൂബ് ചാനൽ ഒന്നുമില്ല, അതുകൊണ്ട് തന്നെ എനിക്ക് പ്രതികരിക്കാനുള്ളത് എവിടെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഈ അവസരത്തിലാണ് ഒറ്റപ്പാലത്ത് വേദി ലഭിച്ചത്. ഞാൻ വർഗീയവാദിയാണ് എല്ലാവർക്കും, ഞാൻ തീവ്രവാദിയാണ്. ഭാരതാംബയായതിന് ശേഷം ഒന്ന് രണ്ട് വർഷം സ്വന്തം ജീവിതത്തിലും പ്രൊഫഷണൽ ലൈഫിലും അനുഭവിച്ച ബുദ്ധിമുട്ട് എനിക്ക് മാത്രമേ അറിയൂ. അമ്പലത്തിന്റെ പരിപാടികൾക്ക് വിളിക്കുമ്പോൾ ശരിക്കും പോകാൻ മടിയാകും. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പൊതുസമൂഹത്തിലിറങ്ങുമ്പോഴും മോശമായി ആളുകൾ പെരുമാറി. പലയിടത്ത് നിന്നും മാറ്റി നിർത്തി.

അമ്പലം പരിപാടി എന്ന് പറഞ്ഞാൽ പൊതുവേ മാറി നിൽക്കുകയായിരുന്നു ഞാൻ. പിന്നെ എനിക്ക് തോന്നി എത്രനാൾ നമ്മൾ ഇങ്ങനെ പേടിക്കും. ഹിന്ദു മതത്തിൽ പിറന്ന കുട്ടിയായതിനാൽ അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാനിക്കുന്നുവെന്ന് പറയുന്നതിൽ നമ്മൾ ആരെയാണ് പേടിക്കുന്നത്. ആരെയും പേടിക്കരുത്. ഞാൻ ഇങ്ങനെ പേടിച്ചാൽ നമ്മൾ ഓരോരുത്തരും പേടിക്കും. അതുകൊണ്ട് അങ്ങനെ ഒരു പേടി നമ്മൾക്ക് ഉണ്ടാകരുത്. എല്ലാവരും ഓരോ മതത്തിൽ വിശ്വസിക്കുന്നവരാണ്. അതുപോലെ തന്നെയാണ് നമ്മളും. നമ്മൾ ഹൈന്ദവരാണ് നമ്മളും വിശ്വാസികളാണ്. ആ വിശ്വാസവുമായി നമ്മൾ അങ്ങനെ പൊയ്‌ക്കോട്ടെ. നമ്മളുടെ വിശ്വാസത്തെ സംരക്ഷിക്കാൻ നിങ്ങൾ നമ്മളെ അനുവദിക്കുക. ആ ഒരു അപേക്ഷ മാത്രമാണ് നമ്മൾ പറയുന്നത്. അല്ലാതെ വേറെ പ്രതിഷേധമോ വർഗീയവാദമോ ആഗ്രഹങ്ങളോ ഒന്നുമില്ല. അഭ്യർത്ഥന മാത്രമാണുള്ളത്. ഞങ്ങളുടെ വിശ്വാസങ്ങളുമായി ഞങ്ങൾ മുന്നോട്ട് പോയ്‌ക്കോട്ടെ, നിങ്ങളെ ഞങ്ങൾ ഉപദ്രവിക്കാൻ വരുന്നില്ല.

ചിലപ്പോൾ തോന്നും ആരെങ്കിലും ഒക്കെ എവിടെ എങ്കിലും ഇരുന്ന് ഇങ്ങനെ കൊട്ടു കൊട്ടുന്നത് നല്ലതാണെന്ന്. കാരണം ഇത്ര വലിയ ഐക്യം കാണാനുള്ള സാഹചര്യം അത് ഒരുക്കുന്നുണ്ട്. അത് ഒന്നുകൊണ്ട് മാത്രം ഇതിനെ പോസിറ്റീവായി എടുക്കുകയാണ്. കാരണം നമ്മൾ നട്ടെല്ലില്ലാത്തവർ അല്ലെന്നും നമ്മുടെ നട്ടെല്ലിന് ബലമുണ്ടെന്നും പ്രതിഷേധിക്കാൻ വന്നതല്ലെന്നും അതിന് നല്ല രീതിയിൽ പ്രതികരണമറിയിക്കാൻ ഓരോരുത്തർക്കും ധൈര്യമുണ്ടെന്നും ഞാൻ വിചാരിക്കുന്നു. എന്റെ വിശ്വാസങ്ങളെ ഹനിക്കുന്ന തരത്തിൽ എന്തെങ്കിലും ഉണ്ടായാൽ ഞാൻ എനിക്ക് കഴിയും വിധം പ്രതിഷേധിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഇവിടെ കാണുന്ന ഈ ഐക്യം എല്ലാ കാര്യങ്ങളിലും ഉണ്ടാകട്ടെ. ഇതുകഴിയുമ്പോൾ ഞാൻ വർഗീയവാദിയാകുമെന്ന് എനിക്ക് ഉറപ്പാണ്. എട്ട് മണിക്ക് ശേഷം സോഷ്യൽമീഡിയയിൽ കാണാം. ആ വർഗീയവാദം ഉന്നയിച്ചു, ഈ വർഗീയവാദം ഉന്നയിച്ചു എന്ന്-” അനുശ്രീ പറഞ്ഞു.

Related Articles

Latest Articles