Tuesday, May 21, 2024
spot_img

ഭരണത്തിൽ ഇടപെടരുത്, സെക്രട്ടേറിയറ്റ് സന്ദർശിക്കരുത്; കെജ്‍രിവാളിന് ജാമ്യം കർശന വ്യവസ്ഥകളോടെ

ദില്ലി : ദില്ലി മദ്യനയ അഴിമതിക്കേസിൽ ക‍ർശന നി‍ർദ്ദേശത്തോടെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യ കാലയളവിൽ അരവിന്ദ് കെജ്‌രിവാൾ സെക്രട്ടേറിയറ്റ് സന്ദർശിക്കരുതെന്നതാണ് നിർ‌ദ്ദേശങ്ങളിൽ പ്രധാനം. കേസിൽ തൻ്റെ പങ്കിനെ കുറിച്ച് കെജ്‍രിവാൾ സംസാരിക്കരുത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. കേസുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കരുത്. ഇടക്കാല ജാമ്യം കേസിലെ നിലപാട് ആയി കണക്കാക്കരുതെന്നും സുപ്രീം കോടതി നി‍‌ർദ്ദേശിച്ചിട്ടുണ്ട്. അൻപതിനായിരം രൂപയുടെ ജാമ്യ ബോണ്ട് നൽകണമെന്നും കോടതി നി‍ർദ്ദേശിച്ചു.

ജൂൺ ഒന്നുവരെ 21 ദിവസത്തേക്കാണ് അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇടക്കാല ജാമ്യം അനുവദിച്ചാലും ഭരണപരമായ ചുമതലകൾ നിർവഹിക്കുന്നതിന് വിലക്കുണ്ട്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ചാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്..

ദില്ലി മദ്യ നയത്തിൻ്റെ പേരിൽ അറസ്റ്റിലാകുന്ന നാലാമത്തെ പ്രമുഖ രാഷ്ട്രീയ നേതാവാണ് അരവിന്ദ് കെജ്‍രിവാൾ. ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയ, അരവിന്ദ് കെജ്‍രിവാൾ എന്നിവർ കെ കവിതയുമായി ഗൂഢാലോചന നടത്തിയെന്നാണ് ഇഡിയുടെ ആരോപണം. മനീഷ് സിസോദിയ, സജ്ഞയ് സിങ്, കെ കവിത എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേ‍‌‍ർ.

Related Articles

Latest Articles