Wednesday, December 31, 2025

ഗൃഹപ്രവേശം നടത്തി അടച്ചി‍ട്ട വീട്ടിൽ മോഷണം; ക്ലോസറ്റ് ഒഴികെ എല്ലാം കൊണ്ട് പോയി കള്ളന്മാർ; ഞെട്ടിത്തരിച്ച് വീട്ടുകാർ

തിരുവനന്തപുരം: 15 ദിവസം മുൻപ് ഗൃഹപ്രവേശം നടത്തി അടച്ചിട്ടിരുന്ന വീട്ടിൽ വമ്പൻ മോഷണം. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. വീട്ടില്‍ നിന്ന് സ്വിച്ച്‌ ബോര്‍ഡുകള്‍, ബള്‍ബുകള്‍, വയറുകള്‍, ശുചിമുറിയില്‍ സ്ഥാപിച്ചിരുന്ന ഉപകരണങ്ങള്‍ എന്നിവ ഇളക്കിയെടുത്ത് മോഷ്ടാക്കള്‍ കൊണ്ടുപോയി. ഇതു സംബന്ധിച്ച് പുതിയകാവ് എൻ.എൻ വില്ലയിൽ എൻ.നൗഫൽ കിളിമാനൂർ പൊലീസിൽ പരാതി നൽകി.

നൗഫലിന്റെ ഭാര്യ വീടിനു സമീപം കാട്ടുചന്തയിൽ നിർമിച്ച പുതിയ വീട്ടിൽ നിന്നുമാണ് സ്വിച്ചും മറ്റ് സാധനങ്ങളും ഇളക്കിയെടുത്ത് മോഷണം നടത്തിയത്. 160 ഇലക്ട്രിക് സ്വിച്ചുകൾ, അത്രയും ബോർഡുകൾ, ഫാൻസി, എൽഇഡി ലൈറ്റുകൾ, ഫാൻ, ശുചിമുറിയിൽ സ്ഥാപിച്ചിരുന്ന ക്ലോസറ്റ് ഒഴികെയുള്ള മുഴുവൻ സാധനങ്ങളും മോഷണം പോയി. ഗൃഹപ്രവേശം നടത്തിയെങ്കിലും പണി പൂര്‍ത്തിയാകാത്തതിനാൽ വീട് അടച്ചിടുകയായിരുന്നു. അതുകൊണ്ടുതന്നെ വീട്ടിൽ താമസക്കാർ ഇല്ലായിരുന്നു. വീടിന്റെ ഒന്നാം നിലയിലെ കതക് തുറന്ന് കിടക്കുന്നതായി അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ പോയി പരിശോധന നടത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പോലീസ് അന്വഷണം ആരംഭിച്ചു.

Related Articles

Latest Articles