Monday, April 29, 2024
spot_img

ശ്രീനിവാസൻ കൊലക്കേസ്: മുഖ്യപ്രതിക്ക് എസ്ഡിപിഐ എല്ലാമാസവും പണം നല്കിയിരുന്നതിന്റെ തെളിവുകൾ പുറത്ത്; ഒളിവിൽ കഴിയുന്ന അബ്ദുള്‍ റഷീദിന് എല്ലാ മാസവും അവസാനത്തെ ആഴ്ച അയച്ചുകൊടുക്കുന്നത് 13,200 രൂപ

പാലക്കാട്: ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് എസ്ഡിപിഐ എല്ലാമാസവും പണം നല്കിയിരുന്നതിന്റെ തെളിവുകൾ പുറത്ത്. പട്ടാമ്പി ഞാങ്ങാട്ടിരി കിഴക്കേക്കരവീട്ടില്‍ അബ്ദുള്‍റഷീദിന്റെ അക്കൗണ്ടിലേക്ക് ദില്ലി ഓഫീസില്‍ നിന്നായിരുന്നു പണം എത്തിച്ചുകൊണ്ടിരുന്നത്. ശ്രീനിവാസന്‍ കൊല്ലപ്പെടുന്നതിന് തൊട്ടടുത്ത ദിവസവും ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ട്.

കേസിലെ 11ാം പ്രതിയായ അബ്ദുള്‍ റഷീദ് ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. ദില്ലി ബോഗല്‍ലൈനിലെ ബാങ്കിലുള്ള എസ്ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ടില്‍നിന്നും എല്ലാ മാസവും അവസാനത്തെ ആഴ്ച 13,200 രൂപ വീതം ഇയാള്‍ക്ക് ലഭിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയതിയതോടെ ദല്‍ഹിയിലെ അക്കൗണ്ടിപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്.

ഇത് കൂടാതെ മൂന്ന് വ്യക്തികള്‍ കൂടി ഇയാളുടെ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ 15,000 രൂപയാണ് നല്‍കിയത്. ഒളിവില്‍ കഴിയുന്ന അബ്ദുള്‍ റഷിദീന് വേണ്ടി അന്വേഷണത്തിലാണെന്നാണ് പോലീസ് സംഘം അറിയിച്ചു. കൃത്യംനടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ പണമെത്തിയത് കൊലയാളികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണെന്ന് പോലീസ് വിലയിരുത്തല്‍.

കഴിഞ്ഞ ഏപ്രില്‍ 16-നാണ് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. അന്ന് ബിജെപി ഓഫീസിന് മുന്നിലൂടെ കൊലയാളിസംഘത്തിന് വഴിതെളിച്ച്‌ കടന്നുപോയ ചുവന്നകാര്‍ ഓടിച്ചിരുന്നത് അബ്ദുള്‍ റഷീദായിരുന്നു. ജില്ലാ ആശുപത്രിക്ക് സമീപത്തുനടന്ന ചര്‍ച്ചയ്ക്കിടെ കൊലപാതകം ആസൂത്രണംചെയ്തതും കൊലയാളികളെ നിശ്ചയിച്ചതും വാഹന- സാമ്പത്തിക സഹായങ്ങള്‍ ഏര്‍പ്പെടുത്തിയതും റഷീദാണെന്ന് പോലീസ് വ്യക്തമാക്കി. കേസിലെ പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം കഴിഞ്ഞ ദിവസമായിരുന്നു സമർപ്പിച്ചത്.

Related Articles

Latest Articles