Friday, May 3, 2024
spot_img

പ്രതീക്ഷയോടെയെത്തിയ കാലവർഷം ചതിച്ചു! ജൂണിൽ കനക്കാത്ത മഴ ജൂലൈയിൽ അതിശക്തമാകും;നാളെ മുതൽ തുടർച്ചയായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: പ്രതീക്ഷയോടെയെത്തിയ കാലവർഷം നിരാശപ്പെടുത്തി. സമീപ കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂൺ മാസമാണ് കടന്നുപോയത്. അറുപത് ശതമാനത്തിന്‍റെ ഇടിവാണ് കാലവർഷത്തിൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്. ജൂണിൽ ‘ചതിച്ച’ കാലവർഷം പക്ഷേ ജൂലൈ ആദ്യ ദിവസങ്ങളിൽ തന്നെ വലിയ പ്രതീക്ഷയാണ് നൽകുന്നത്. സംസ്ഥാനത്ത് കാലവർഷം ഇനിയും കനത്തില്ലെന്ന ആശങ്കയ്ക്ക് ഈ ആഴ്ചയോടെ മാറ്റമുണ്ടാകുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പിൽ നിന്നും ലഭിക്കുന്നത്. നാളെ മുതൽ തുടർച്ചയായ ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇത് പ്രകാരം വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം തിയതി ആറ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാലാം തിയതി എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മൂന്നാം തിയതി കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. ഈ ആഴ്ച നാലാം തിയതിവരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഒരു ജില്ലയിലും ഇതുവരെ യെല്ലോ അലർട്ടോ ഓറഞ്ച് അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല.

Related Articles

Latest Articles