Sunday, May 19, 2024
spot_img

കണ്ണൂരിൽ ഉരുൾപൊട്ടല്‍ ദുരന്തത്തിന് ആക്കം കൂട്ടിയത് കരിങ്കൽ ക്വാറികള്‍; 3 മരണം

കണ്ണൂര്‍: കണ്ണൂർ കണിച്ചാറിൽ മൂന്ന് പേ‍‍ർ മരിച്ച ഉരുൾപൊട്ടൽ ദുരന്തത്തിന് ആക്കം കൂട്ടിയതിനു കാരണം നെടുംപൊയിൽ ചുരത്തിലെ അതീവ പരിസ്ഥിതി ദുർബ്ബല പ്രദേശത്ത് പ്രവ‍ർത്തിക്കുന്ന കരിങ്കൽ ക്വാറികൾ. കനത്ത മഴയിൽ ഈ ക്വാറികളുടെ താഴ്ഭാഗങ്ങളിൽ ഉരുൾപൊട്ടി പാറക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്ക് പതിച്ചു. ദുരന്തമുണ്ടായ ദിവസവും ക്വാറികളിൽ സ്ഫോടനം നടന്നു എന്ന് ഇരിട്ടി തഹസിൽദാർ സിവി പ്രകാശൻ സ്ഥിരീകരിച്ചു. കനത്ത മഴയുണ്ടായിട്ടും 24ആം മൈലിലിലെ ന്യൂ ഭാരത് ക്വാറിയിലെ ജോലി നി‍ർത്തിവച്ചില്ല. രണ്ട് ക്വാറികൾക്ക് തൊട്ടടുത്താണ് ഉരുൾ പൊട്ടലുണ്ടായത്. ക്വാറിക്ക് ഉള്ളിലും ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ ഒലിച്ചിറങ്ങി. ശ്രീലക്ഷ്മി ക്വാറിയിൽ ജല ബോംബ് കണക്കെയാണ് വെള്ളമുള്ളത്.

ഉരുൾപൊട്ടലില്‍ ക്വാറിയുടെ അകത്ത് മരങ്ങളും പാറക്കൂട്ടങ്ങളും പതിച്ചു. ഈ ക്വാറിക്ക് താഴെ പൂളക്കുറ്റിയിൽ ഉരുൾപൊട്ടി തിങ്കളാഴ്ച രാത്രി രണ്ടര വയസുകാരി നുമയും രാജനും ചന്ദ്രനും മരിച്ചത്.
അതേസമയം, പ്രദേശത്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ തുടരുകയാണ്. മലയോരത്തെ 50 കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുകയാണ്. നെടുംപൊയിൽ മാനന്തവാടി ചുരം റോഡ് പൂർണ്ണമായും ഗതാഗത യോഗ്യമാക്കാൻ കഴിഞ്ഞില്ല. പ്രദേശത്തെ റോഡുകളും കലുങ്കുകളും തകർന്ന നിലയിലാണ്. വൈദ്യുതി ബന്ധവും പുനസ്ഥാപിച്ചിട്ടില്ല. കണിച്ചാർ കേളകം പേരാവൂർ പഞ്ചായത്തുകളിലെ ദുരന്ത ബാധിത പ്രദേശങ്ങൾ തദ്ദേശമന്ത്രി എംവി ഗോവിന്ദൻ ഇന്ന് സന്ദർശിക്കും.

Related Articles

Latest Articles