Saturday, September 19, 2026

എഎപി പുകയുന്നു, പൊട്ടിത്തെറി ആസന്നമോ? അപ്പീല്‍ വിധി പാര്‍ട്ടിക്കു നിര്‍ണ്ണായകം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ കോടതി ശരിവച്ചത് ആം ആദ് മി പാര്‍ട്ടിയുടെ ഇതുവരെയുള്ള എല്ലാ ആത്മവിശ്വാസവും ചോര്‍ത്തിക്കളയുന്ന നടപടിയായിരുന്നു. നേതാവ് വിശുദ്ധനാണെന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്ന അണികളും അതോടെ സംശയത്തിലായി. ഇഡി ലഭ്യമാക്കിയ തെളിവുകള്‍ മുഖ്യമന്ത്രി കെജ്രിവാളിന്റെ ജയില്‍ വാസത്തിന് പര്യാപ്തമാണെന്ന വിധി അണികള്‍ക്ക് തികച്ചും അവിശ്വസനീയമായിരുന്നു.

മദ്യ നയവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന രണ്ട് കേസുകളും, ഇഡി അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ഒരു കേസുമാണ് നിലവിലുള്ളത്. മദ്യവില്‍പ്പനയ്ക്ക് ലൈസന്‍സ് നല്‍കിയതില്‍ കോടികളുടെ അഴിമതി നടന്നതായാണ് പ്രധാന ആരോപണം.ഇതില്‍ അറസ്റ്റു നടന്ന നടപടിയാണ് കോടതി ശരിവച്ചത്. മറ്റു കേസിന്റെ മെറിറ്റുകളിലേയ്ക്ക് കോടതി ഇനിയും കടന്നിട്ടില്ല

കോടതിവിധി എഎപിയില്‍ ഭൂകമ്പം സൃഷ്ടിക്കുന്നതായാണ് വിവരം. അതിന്റെ സൂചനയാണ് എഎപി നേതാവ് രാജ്കുമാര്‍ അരവിന്ദിന്റെ രാജി. ആം ആദ്മി പാര്‍ട്ടിയുടെ ഉന്നത നേതാക്കളില്‍ ദളിതര്‍ ഇല്ലെന്ന് സാമൂഹ്യക്ഷേമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ വഹിച്ചിരുന്ന ആനന്ദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പട്ടേല്‍ നഗര്‍ വിധാന്‍ സഭാ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് രാജ്കുമാര്‍ ആനന്ദ്. അദ്ദേഹം ഗുരുതരമായ മറ്റു ചില ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്.

‘എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്, എന്നാല്‍ ഈ പാര്‍ട്ടി ദളിത് എംഎല്‍എമാരെയും കൗണ്‍സിലര്‍മാരെയും മന്ത്രിമാരെയും ബഹുമാനിക്കുന്നില്ല. അത്തരം സാഹചര്യങ്ങളില്‍ എല്ലാ ദലിതരും വഞ്ചിക്കപ്പെട്ടതായി എനിക്കു തോന്നുന്നു. ഇനിയും പാര്‍ട്ടിയില്‍ തുടരാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. അതിനാല്‍ ഞാന്‍ സ്ഥാനം രാജിവെക്കുന്നു,’ ആനന്ദ് പറഞ്ഞു.

മാര്‍ച്ച് 21 ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ മന്ത്രിസഭയില്‍ നിന്നുള്ള ആദ്യരാജിയാണിത്. പാര്‍ട്ടി ഒരു പൊട്ടിത്തെറിയിലേക്കു നീങ്ങുന്നു എന്ന സ്ഥിതിയാണിപ്പോള്‍ നിലവിലുള്ളത്.

സര്‍ക്കാരിന്റെ നേതൃത്വവും പാര്‍ട്ടിയുടെ നായകത്വവും അരവിന്ദ് കെജ്രിവാളില്‍ മാത്രമാണ് കേന്ദ്രീകരിച്ചിരുന്നത്. സംസ്ഥാന ഭരണം നിര്‍വ്വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പാര്‍ട്ടി എന്ന നിലയില്‍ ഭരണപരിചയം കുറഞ്ഞ അംഗങ്ങളുമായി ദില്ലി ഭരിക്കുക എന്നത് ഒരു ഹിമാലയന്‍ ടാസ്‌ക്കാണ്. അതിനൊപ്പമാണ് പാര്‍ട്ടിയിലുണ്ടായിരിക്കുന്ന ഉള്‍പ്പിരിവുകള്‍. കെജ്രിവാളിന്റെ ഭാര്യ ആപ്പിന്റെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ വിമുഖതയുള്ള ഒട്ടേറെ പേര്‍ ആപ്പില്‍ ഉണ്ട്. കുടുംബാധിപത്യത്തേയും അഴിമതിയേയും ബന്ധുനിയമനത്തേയുമൊക്കെ ചോദ്യം ചെയ്തിരുന്നവര്‍ക്ക് ഒറ്റ രാത്രി കൊണ്ട് അതെല്ലാം മറക്കേണ്ടിവന്നു. ഈ സാഹചര്യം പാര്‍ട്ടിയിലെ ഭൂരിപക്ഷവും ഇഷ്്ടപ്പെടുന്നില്ല.

അഴിമതി കേസില്‍ ജാമ്യം നേടി പുറത്തു വന്ന മുന്‍ മന്ത്രി സഞ്ജയ് സിംഗും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും പാര്‍ട്ടിയുടെ നായക സ്ഥാനം കൊതിക്കുന്നവരാണ്. അധികാരത്തിന്റെ വില മനസ്സിലാക്കിയ ഇവര്‍ ചരടുവലികള്‍ തുടങ്ങിക്കഴിഞ്ഞു.പ്രത്യകമായ ഒരു പ്രത്യയശാസ്ത്രം ഇല്ലാത്തതിനാല്‍ പാര്‍ട്ടി എങ്ങോട്ടും വളയ്ക്കാവുന്ന നിലയിലാണ്. അത് രാഷ്ട്രീയ അവസരവാദത്തെ പ്രോത്സാഹിപ്പിക്കും. അതുകൊണ്ടു തന്നെ എഎപി നായകന്റെ അപ്പീല്‍ ഹര്‍ജി അദ്ദേഹത്തിനെന്ന പോലെ പാര്‍ട്ടിയ്ക്കും പ്രധാനമാണ്. സുപ്രീംകോടതി വിധി അനുസരിച്ചായിരിക്കും എഎപി അണികളുടെ പ്രതികരണം. വിധി പാര്‍ട്ടിയ്ക്കു പോസിറ്റീവായാല്‍ ചൂല്‍ ചിഹ്നത്തിന് നിലനില്‍ക്കാനാവും , ഇല്ലെങ്കില്‍ കെട്ടുപൊട്ടി ചിതറിപ്പോകാനാണ് സാദ്ധ്യത

Related Articles

Latest Articles