Friday, May 3, 2024
spot_img

കോവിഡ് വ്യാപനത്തിൽ ഭരണകൂടത്തിന്റെ വീഴ്ചകൾ തുറന്നുകാട്ടി; ചൈനീസ് സർക്കാർ ജയിലിലടച്ച മാധ്യമപ്രവർത്തക ഗുരുതരാവസ്ഥയിൽ

ബീജിംഗ്: ചൈനീസ് സർക്കാരിനെതിരെ നിരാഹാര സമരം തുടരുന്ന മാധ്യമപ്രവർത്തകയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. മാധ്യമപ്രവർത്തകയുടെ കുടുംബാംഗങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മുൻ അഭിഭാഷക കൂടിയായ ഷാംഗ് ഷാൻ എന്ന 38 കാരിയാണ് ഷി ജിൻ പിംഗ് സർക്കാരിനെതിരെ ജയിലഴിയ്‌ക്കുള്ളിൽ ശക്തമായ നിരാഹാര സമരം തുടരുന്നത്.

ദിവസങ്ങൾ നീണ്ട സമരത്തിന്റെ ഫലമായി ഷാന്റെ ഭാരം വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ടെന്നാണ് സഹോദരൻ ഷാംഗ് ജു പറയുന്നത്. അവശയായതിനാൽ മൂക്കിലൂടെ ട്യൂബ് വഴിയാണ് ജീവൻ നിലനിർത്തുന്നതിനുള്ള ആഹാരം നൽകുന്നത്.

നിലവിലെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോട്ട്. ഈ തണുപ്പുകാലം അതിജീവിക്കാൻ ഷാന് കഴിയില്ലെന്നും സഹോദരൻ വ്യക്തമാക്കുന്നുണ്ട്. ആരോഗ്യനില മോശമായ മാധ്യമപ്രവർത്തകയ്‌ക്ക് എത്രയും വേഗം വൈദ്യസഹായം നൽകണമെന്നും സഹോദരൻ ആവശ്യപ്പെടുന്നു.

കോവിഡുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്തതിന് കഴിഞ്ഞ വർഷം മെയിലാണ് ഷാനെ ചൈനീസ് സർക്കാർ തടവിലാക്കിയത്. കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യാൻ ഫെബ്രുവരിയിലാണ് മാധ്യമപ്രവർത്തക വുഹാനിൽ എത്തിയത്.

എന്നാൽ സത്യസന്ധമായ വാർത്തകൾ പുറത്തുവിട്ടതിന് പുറമേ വൈറസ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് സംഭവിച്ച ഗുരുതര വീഴ്ചകളെയും ഷാൻ ചോദ്യം ചെയ്തിരുന്നു. ഈ സംഭവമാണ് ചൈനീസ് സർക്കാരിനെ ചൊടിപ്പിച്ചത്. ജയിലിൽ അടച്ച ശേഷം ഷാനുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നുതന്നെ ഭരണകൂടം പുറത്തുവിട്ടിരുന്നില്ല.

അതേസമയം അന്യായമായി തടങ്കലിൽ പാർപ്പിച്ച മാധ്യമ പ്രവർത്തകയെ വിട്ടയക്കണമെന്ന് ആംനസ്റ്റി ഇന്റൻനാഷണൽ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും ചെവിക്കൊള്ളാതിരുന്ന ഭരണകൂടം മനുഷ്യാവകാശ ലംഘനങ്ങൾ തുടരുകയാണ് ഇപ്പോഴും.

Related Articles

Latest Articles