Thursday, May 9, 2024
spot_img

സ്കോട്‌ലൻഡിനെ 85റൺസിന് പുറത്താക്കി ഇന്ത്യ ; അഫ്ഗാന്റെ നെറ്റ് റൺറേറ്റ് മറികടക്കാൻ 7.1 ഓവറിൽ ജയിക്കണം

ദുബായ്∙ ട്വന്റി20 ലോകകപ്പിൽ സെമിഫൈനൽ പരുങ്ങലിലായി പ്രതീക്ഷയുടെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന ഇന്ത്യയ്ക്ക് വേണ്ടി ബോളർമാർ നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്താനുള്ള ആവേശത്തിൽ തകർത്തെറിഞ്ഞതോടെ സ്കോട്‌‌ലൻഡിന് ബാറ്റിങ് തകർച്ച. മൂന്നു വിക്കറ്റ് വീതം പിഴുത മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഇന്ത്യൻ ബോളിങ് ആക്രമണം മുന്നിൽനിന്നു നയിച്ചതോടെ ലോകകപ്പ് പോരാട്ടത്തിൽ സ്കോട്‌ലൻഡ് വെറും 85 റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സ്കോട്‌ലൻഡ് 17.4 ഓവറിലാണ് 85 റൺസെടുത്തത്. 19 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 24 റൺസെടുത്ത ഓപ്പണർ ജോർജ് മുൻസിയാണ് സ്കോട്‌ലൻഡിന്റെ ടോപ് സ്കോറർ. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ ഒരു ടീമിന്റെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് സ്കോട്‌ലൻഡിന്റേത്. 2012 ലോകകപ്പിൽ കൊളംബോയിൽ വെറും 80 റൺസിനു പുറത്തായ ഇംഗ്ലണ്ടിന്റെ പേരിലാണ് ഏറ്റവും ചെറിയ സ്കോറിന്റെ നാണക്കേട്. 2014 ലോകകപ്പിൽ മിർപുരിൽ 86 റൺസിനു പുറത്തായ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തായി.

അഫ്ഗാനിസ്ഥാന്റെ നെറ്റ് റൺറേറ്റ് മറികടന്ന് മുന്നിൽക്കയറാൻ ഇന്നത്തെ മത്സരത്തിൽ ഇന്ത്യയ്ക്ക് കുറഞ്ഞത് 7.1 ഓവറിൽ വിജയലക്ഷ്യം മറികടക്കണം. ന്യൂസീലൻഡിന്റെ നെറ്റ് റൺറേറ്റ് മറികടക്കാൻ 8.5 ഓവറിലും വിജയലക്ഷ്യം മറികടക്കണം. നെറ്റ് റൺറേറ്റിൽ +1നു മുകളിൽ നിലനിർത്താൻ കുറഞ്ഞത് 11.2 ഓവറിൽ ജയിക്കണം. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ കൃത്യം വിജയലക്ഷ്യമായ 86 റൺസ് നേടിയാലുള്ള കണക്കാണിത്. അതിലും കൂടുതൽ റൺസ് നേടിയാൽ കണക്കിൽ വ്യത്യാസം വരും.

നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ ബോളർമാരിൽ മികച്ചുനിന്നത്. മുഹമ്മദ് ഷമി മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീഴ്ത്തി. സ്കോട്‌ലൻഡ് ബോളർ‌മാരെ ക്രീസിൽ നിർത്തിപ്പൊരിച്ച ജസ്പ്രീത് ബുമ്ര 3.4 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അശ്വിൻ നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. ഇന്ത്യൻ ബോളർമാരിൽ ശരാശരി ആറു റൺസിനു മുകളിൽ റൺസ് വഴങ്ങിയ ഏക ബോളറും അശ്വിൻ തന്നെ.

Related Articles

Latest Articles